രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുഷ്മ സ്വരാജ്

Posted on: August 3, 2017 8:25 pm | Last updated: August 4, 2017 at 12:17 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ഷനവുമായി മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാടറിയും മുമ്പ് ചൈനീസ് അംബാസിഡറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ഗുരുതരമായ തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. സിക്കിം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളായിരിക്കെ ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു. ആദ്യം വാര്‍ത്ത നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ അത് സ്ഥിരീകരിച്ചു.

ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിനാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഇത് ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ച നടന്നകാര്യം കോണ്‍ഗ്രസ് സ്ഥിരീകരിച്ചിരുന്നില്ല.നിലവിലെ ഇന്ത്യ ചൈന ബന്ധം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ചൈനീസ് എംബസി ഇത് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.