അഖ്‌സയിലെ ഇസ്‌റാഈല്‍ അഹന്ത അവസാനിപ്പിച്ചു

Posted on: July 27, 2017 11:45 pm | Last updated: July 27, 2017 at 11:32 pm
സമര വിജയം പ്രഖ്യാപിക്കുന്ന ഫലസ്തീന്‍ പണ്ഡിതര്‍

ജറൂസലേം: രണ്ടാഴ്ചയോളമായി ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ നടക്കുന്ന ഇസ്‌റാഈല്‍ അതിക്രമത്തിന് പര്യവസാനം. വിശ്വാസികള്‍ക്ക് മേല്‍ കടന്നുകയറി അധികാരം സ്ഥാപിക്കാനുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ രഹസ്യ അജന്‍ഡ മുസ്‌ലിം ലോകം ഒറ്റക്കെട്ടായി ചെറുത്തതോടെ സയണിസ്റ്റ് ഭീകരര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്‌റാഈല്‍ സ്ഥാപിച്ച മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി. ദിവസങ്ങളോളം മസ്ജിദിലേക്ക് പ്രവേശിക്കാതെ പുറത്ത് നിന്ന് ആരാധന നിര്‍വഹിച്ച് പ്രതിഷേധിച്ച വിശ്വാസികളോട് പള്ളിയിലേക്ക് കയറാന്‍ ഫലസ്തീനിലെ ഇസ്‌ലാമിക് വഖ്ഫ് അതോറിറ്റി ഡയറക്ടര്‍ അബ്ദുല്‍ അസീം സല്‍ഹാബ് ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്‌സയിലേക്ക് ചേക്കേറാനുള്ള ഇസ്‌റാഈലിന്റെ പതിറ്റാണ്ടുകളുടെ ശ്രമമാണ് അവസാനിച്ചതെന്നും തങ്ങള്‍ വിജയത്തിന്റെ പുതിയ യുഗത്തിലാണിപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചയോടെ ആയിരങ്ങള്‍ അണിനിരന്ന നിസ്‌കാരത്തോടെ പ്രക്ഷോഭത്തിന് പര്യവസാനമായി. നീതിക്ക് വേണ്ടിയുള്ള വിജയത്തിനായി അഖ്‌സക്ക് മുന്നില്‍ ദിവസങ്ങളോളം തമ്പടിച്ച വിശ്വാസി സമൂഹത്തിന് പണ്ഡിതര്‍ നന്ദി അറിയിച്ചു.

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഈ മാസം 14നാണ് പള്ളി അടച്ചുപൂട്ടി ഇസ്‌റാഈല്‍ അധികൃതര്‍ പ്രകോപനപരമായ നടപടി സ്വീകരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച് പള്ളി തുറന്നെങ്കിലും ഇത്തരം ഇസ്‌റാഈല്‍ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഫലസ്തീന്‍ പണ്ഡിതന്മാരും നേതാക്കളും വിശ്വാസികളോട് പള്ളിയില്‍ കയറാതെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. പള്ളിയിലെത്തുന്ന മുഴുവന്‍ വിശ്വാസികളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുന്നതെന്ന് ഫലസ്തീന്‍ നേതൃത്വം ചൂണ്ടിക്കാണിച്ചു. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഒഴിവാക്കാമെന്നും പകരം സിസി ടിവി സ്ഥാപിക്കുമെന്നും കഴിഞ്ഞ ചൊവ്വാഴ്ച ഇസ്‌റാഈല്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും വിശ്വാസികള്‍ സമരം തുടര്‍ന്നു. മെറ്റല്‍ ഡിറ്റക്ടറുകളേക്കാള്‍ അപകടമാണ് സി സി ടിവികളെന്നും 14ന് ശേഷം ജറുസലേമില്‍ കൊണ്ടുവന്ന മുഴുവന്‍ പരിഷ്‌കരണങ്ങളും എടുത്തു കളയണമെന്നുമുള്ള ഉറച്ച തീരുമാനത്തിലായിരുന്നു വിശ്വാസികള്‍.

രണ്ടാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം നടന്നു. മസ്ജിദുല്‍ അഖ്‌സക്ക് പുറത്തുവെച്ച് നിസ്‌കരിച്ച് ഫലസ്തീന്‍ ജനത പ്രക്ഷോഭത്തില്‍ അണിനിരന്നു. എന്നാല്‍, നിസ്‌കരിക്കുന്നവരെ തൊഴിച്ചും പ്രകടനം നടത്തിയവര്‍ക്ക് നേരെ നിറയൊഴിച്ചും ഇസ്‌റാഈല്‍ സൈന്യവും പോലീസും പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. രണ്ടാഴ്ചക്കിടെ ആറ് ഫലസ്തീന്‍ പൗരന്മാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
എല്ലാം ത്യജിച്ചായിരുന്നു തങ്ങള്‍ മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി സമരം ചെയ്തതെന്നും അവസാനം സമരം വിജയിച്ചെന്നും പ്രക്ഷോഭകനും തദ്ദേശവാസിയുമായ അഹ് മദ് അബുല്‍അവ വ്യക്തമാക്കി.
ഫലസ്തീന്‍ ജനങ്ങള്‍ നേടിയെടുത്ത വിജയത്തിന് ആശംസ അറിയിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തി. അനധികൃത ഇടപെടല്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഇസ്‌റാഈല്‍ അധികൃതരുടെ നിലപാടിനെ ജോര്‍ദാന്‍ സ്വാഗതം ചെയ്തു.
അതേസമയം, തീരുമാനത്തെ കുറിച്ച് വിശദീകരിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമായിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം നടത്താതെയാണ് ഇസ്‌റാഈല്‍ അധികൃതര്‍ മസ്ജിദുല്‍ അഖ്‌സയിലെ സുരക്ഷാ സംവിധാനങ്ങള്‍ എടുത്തുമാറ്റിയത്. എന്നാല്‍, അഖ്‌സ വിഷയം റിപ്പോര്‍ട്ട് ചെയ്ത അല്‍ജസീറ ചാനലിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ജറൂസലേമില്‍ സംഘര്‍ഷം സൃഷ്ടിച്ചത് അല്‍ജസീറയാണെന്ന് നെതന്യാഹു തന്റെ ഫേസ്ബുക് പോസ്റ്റില്‍ ആരോപിച്ചു.