Connect with us

Articles

നഴ്‌സിംഗ് സമരം: ആരൊക്കെ എന്തൊക്കെ പഠിക്കണം?

Published

|

Last Updated

എന്തായാലും സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചിരിക്കുന്നു. അതിലെ ഒത്തുതീര്‍പ്പിന്റെ ഗുണദോഷങ്ങള്‍ എന്തായാലും സമരം അവസാനിച്ചത് നല്ല കാര്യം. മുന്നണികള്‍ മാറി മാറി ഭരിച്ചു ലോക പ്രശസ്തമായ കേരളത്തിന്റെ ആരോഗ്യരംഗം ഇന്ന് തീര്‍ത്തും അപകടകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. മൂന്നാം തലമുറ എന്ന് വിളിക്കപ്പെടുന്ന ആധുനിക സമൂഹങ്ങളിലെ പ്രധാന രോഗങ്ങള്‍ എല്ലാം, അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൂത്രാശയ രോഗങ്ങള്‍, ഹൃദ്രോഗം മുതലായവയിലെല്ലാം നാം വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ്. അതേസമയം അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന സമൂഹത്തിനൊപ്പം തന്നെ വിവിധതരം പകര്‍ച്ചപ്പനികളും നമ്മെ പിടികൂടിയിരിക്കുന്നു. ഓരോ വര്‍ഷകാലത്തും അത്തരം പനി പിടിച്ചു ചികിത്സ തേടുന്നവര്‍ ലക്ഷങ്ങളാണ്. ഈ വര്‍ഷം അതില്‍ മരിച്ചവരുടെ എണ്ണം എല്ലാ റെക്കോഡുകളും ഭേദിച്ച് അഞ്ഞൂറിലേറെയായി. ദിലീപും മറ്റും കിട്ടിയപ്പോള്‍ മാധ്യമങ്ങള്‍ക്കും അതില്‍ താത്പര്യമില്ലാതായതിനാല്‍ സര്‍ക്കാര്‍ അധികം മറുപടി പറയേണ്ടി വരുന്നില്ലെന്ന് മാത്രം. മറുവശത്ത് ചികിത്സാ ചെലവ് ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ശേഷി വളരെ കുറവാണ്. ചികിത്സക്കായി ബഹുഭൂരിപക്ഷത്തിനും സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ആ മേഖലയിലെ നഴ്‌സുമാരുടെ പണിമുടക്ക് കൂടിയായാല്‍ ജനം വലഞ്ഞുപോകും. അതുകൊണ്ട് തന്നെ ഈ ഒത്തുതീര്‍പ്പു സമൂഹത്തിനു ആശ്വാസകരമാകും.

നമുക്ക് ഇതുമായി ബന്ധപ്പെട്ടു അല്‍പം ചരിത്രം നോക്കാം. ഇന്നും നഴ്‌സ് എന്ന തൊഴിലില്‍ ലോകത്താകമാനം അറിയപ്പെടുന്നവരാണ് കേരളത്തിലെ പെണ്‍കുട്ടികള്‍. ഒട്ടു മിക്ക രാജ്യങ്ങളിലും അവര്‍ ജോലി ചെയ്യുന്നുണ്ട്. ഉയര്‍ന്ന തോതിലുള്ള സ്ത്രീ വിദ്യാഭ്യാസം കേരളത്തില്‍ ഉണ്ടെന്നതും ഈ തൊഴില്‍ ചെയ്യാന്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ തയ്യാറാണെന്നതും ഇതിനു കാരണമാണ്. കേരളത്തിന് പുറത്ത് പോയി തൊഴിലെടുക്കുന്ന നഴ്‌സുമാരുടെ എണ്ണം മറ്റേതു തൊഴിലെടുക്കുന്നവരെക്കാളും അധികമാണ്. കേരളത്തില്‍ സീറ്റ് കിട്ടാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും കുറവല്ല. പാസായാല്‍ സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ഒരു തൊഴില്‍ ഉറപ്പാണ് എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഒരു ദശാബ്ദം മുമ്പുവരെ ഇങ്ങനെ പാസാകുന്ന കുട്ടികളില്‍ മഹാ ഭൂരിപക്ഷവും പുറം നാടുകളില്‍, വിശേഷിച്ചു ഗള്‍ഫ് നാടുകളില്‍, ഒരു തൊഴില്‍ എന്ന സ്വപ്‌നം കൊണ്ട് നടന്നിരുന്നു. എന്നാല്‍ ആ നാട്ടില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ഇന്നാട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കേണ്ട സ്ഥിതിയുണ്ടായി. വിദേശത്ത് തൊഴില്‍ ലക്ഷ്യം വെച്ചിരുന്ന കാലത്ത് ഇന്നാട്ടില്‍ അവര്‍ക്കാവശ്യമായിരുന്നത് തൊഴില്‍ പരിശീലനവും അതിന്റെ സാക്ഷ്യപത്രവുമായിരുന്നു. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ശമ്പളത്തിനോ ചിലപ്പോള്‍ സൗജന്യമായോ മറ്റു ചിലപ്പോള്‍ പണം അങ്ങോട്ട് കൊടുത്തോ പോലും ഇവിടെയുള്ള സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറായി. ഈ സാഹചര്യം സ്വകാര്യ സ്ഥാപന ഉടമകള്‍ നന്നായി മുതലെടുത്തു. നഴ്‌സുമാരെന്നാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് കുറഞ്ഞ വേതനം നല്‍കേണ്ട വിഭാഗം എന്നായി. ഇതിനെല്ലാം പുറമെ ഉദാരീകരണം ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ നഴ്‌സിംഗ് പഠനം എന്നത് വലിയ ചെലവുള്ള ഒന്നായി മാറി. അതിനായി കടം എടുക്കുകയല്ലാതെ വഴിയില്ല. ഇടത്തരം ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ ഇങ്ങനെ കടമെടുത്തു പഠനം പൂര്‍ത്തിയാക്കി തൊഴിലില്‍ എത്തുമ്പോള്‍ കടത്തിന്റെ പലിശ തിരിച്ചടക്കാന്‍ പോലും കഴിയാതെ വലിയ ദുരിതത്തിലാകുന്നു. പെണ്‍കുട്ടികളെ സമരാവേശത്തിലെത്തിച്ചതില്‍ പ്രധാനമായ ഒരു പങ്ക് ഇത്തരം കടബാധ്യതകള്‍ക്കാണ്.

ആശുപത്രിയുടെ ആകര്‍ഷണമുഖം ഭിഷഗ്വരന്‍ ആകുന്നതും ചികിത്സയുടെ അവസാന വാക്കായി രോഗി വിശ്വാസം അര്‍പ്പിക്കുന്നതും അവരില്‍ തന്നെ ആയതിനാല്‍ ആശുപത്രി ഉടമകള്‍ ഭിഷഗ്വരന്റെ സഹായത്താലാണ് ചൂഷണം കൊഴിപ്പിക്കുന്നത്. ഉയര്‍ന്ന വേതനവും കമ്മീഷനും നല്‍കിയും പ്രശസ്തരും പ്രഗത്ഭരുമായ ഡോക്ടര്‍മാരെ കൂടെ നിര്‍ത്താന്‍ ആശുപത്രി ഉടമകള്‍ ശ്രമിക്കുന്നതും അത്‌കൊണ്ടാണ്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചികിത്സകന്‍ കച്ചവടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നു. രോഗികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുന്നു. മരിച്ചയാളുടെ ദേഹം വിട്ടു കൊടുക്കാന്‍ ബില്ലുകള്‍ മുഴുവന്‍ അടച്ച ശേഷമേ കഴിയൂ എന്ന ദുരവസ്ഥ പദ്മശ്രീ നേടിയവരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ പോലുമുണ്ട്. ചികിത്സകള്‍ തീരുമാനിച്ച ശേഷം എപ്പോഴും രോഗിയെ പരിചരിക്കുന്ന നേഴ്‌സിംഗ് തൊഴിലാളികള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളികളല്ലാത്തതിനാല്‍ പരമാവധി ചൂഷിതരാകുന്നു.

കേരളത്തിലെ ഈ തൊഴില്‍ മേഖലയില്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് തങ്ങളുടെ യൂനിയനുകള്‍ ഉണ്ടാക്കാനോ ഇവരുടെ സേവന വേതന വ്യവസ്ഥകളില്‍ നീതി വാങ്ങിക്കൊടുക്കാനോ കഴിയാതിരുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. മധ്യവര്‍ഗ കുടുംബത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള നേഴ്‌സിംഗ് രംഗത്ത് അവകാശ സമര പശ്ചാത്തലങ്ങളുടെ അപര്യാപ്തത ചൂഷണത്തെ കൂടുതല്‍ സാധ്യമാക്കി. സംഘടിക്കുവാന്‍ ശ്രമിച്ചവരെ ഒറ്റപ്പെടുത്തി പുറത്താക്കുവാന്‍ ആശുപത്രി ഉടമകള്‍ (വന്‍കിട മുതലാളിമാര്‍, മത നേതാക്കള്‍, ആശ്രമങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലായവര്‍) വിജയിച്ചപ്പോള്‍ പല ഇടങ്ങളിലും ഉയര്‍ന്ന സമരങ്ങള്‍ ലക്ഷ്യം കണ്ടില്ല. സമരങ്ങളുടെ മുന്‍ നിരയില്‍ നിന്നിരുന്ന പുരുഷന്മാരെ പുറത്താക്കുക എന്ന രീതിയായിരുന്നു പൊതുവായി ഇവര്‍ സ്വീകരിച്ചു പോന്നത്. ഇന്ന് കേരളത്തിലെ ഒട്ടു മിക്ക സ്വകാര്യ ആശുപത്രികളിലും പുരുഷ നഴ്‌സുമാര്‍ ഇല്ല തന്നെ.
പഴയ കാലത്തേതു പോലെ ഒരു വിപ്ലവപ്രസ്ഥാനം എന്നതില്‍ നിന്ന് ഒരു ഭരണകൂട കക്ഷിയായി ഇടതുപക്ഷക്കാര്‍ തന്നെ മാറിയിപ്പോയി എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. മൂലധനശക്തികളു മായി ഒത്തുതീര്‍പ്പില്‍ പോകുക എന്നതായി അവരുടെ നയം. അതുകൊണ്ടാണ് ഇന്ന് കേരളത്തില്‍ തൊഴിലെടുക്കുന്ന ബഹുഭൂരിപക്ഷവും മുഖ്യധാരാ യൂനിയനുകളുടെ കൂടെ ഇല്ലാതായത്. പുതിയ മേഖലകളിലെ (സ്വകാര്യ ആശുപത്രികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഐ ടി, അണ്‍ എയ്ഡഡ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയിലെ) തൊഴിലാളികള്‍, കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ എല്ലാം ഇവര്‍ക്കന്യമാണ്. കൊടിയ ചൂഷണങ്ങള്‍ ഇവിടെ യെല്ലാം നടക്കുമ്പോള്‍ അവക്കൊക്കെ സാക്ഷികളായി, പലപ്പോഴും അവയുടെ നടത്തിപ്പുകാരായി ഇടതുപക്ഷക്കാര്‍ തന്നെ മാറുന്നു. ആശുപത്രി മേഖല തന്നെ എടുക്കാം. ജാതി മത സാമൂഹിക സ്ഥാപനങ്ങള്‍ എന്നത് പോലെ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന സഹകരണ ആശുപത്രികളിലും നഴ്‌സുമാരുടെ വേതനനിരക്കു വളരെ കുറഞ്ഞതാണ്. ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ അതിന്റെ ദോഷം അവര്‍ക്കും ഉണ്ടാകും. വര്‍ഗതാത്പര്യവൈരുധ്യം (തൊഴിലാളി വര്‍ഗപ്പാര്‍ട്ടിക്കുള്ള മുതലാളിത്ത താത്പര്യം) എന്ന് മാര്‍ക്‌സിസ്റ്റ് പദാവലികളില്‍ പറയാം.
കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുക എന്നത് തൊഴില്‍ നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥയാണ്. പക്ഷേ, പല മേഖലകളിലും അത് നടപ്പായിട്ടില്ല. എന്ന് മാത്രമല്ല മുമ്പ് ആ പരിധിയുണ്ടായിരുന്ന പലയിടത്തും അത് പ്രയോഗത്തില്‍ ഇല്ലാതെയായി. തൊഴിലിന്റെ താത്കാലിക വത്കരണം അഥവാ ക്യാഷ്വലൈസേഷന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആഗോളവത്കരണ കാലത്തിന്റെ രീതിയാണത്. സേവന വ്യവസ്ഥകളില്‍ ഉണ്ടാകുന്ന ഉദാരവത്കരണം എന്ന് പറയാം. ഉദാരമാകുന്നത് തൊഴിലുടമയോടാണെന്നു മാത്രം. ഇതിനെതിരെ താത്വിക സമരം നടത്തുന്നവരാണ് ഇടതുപക്ഷത്തുള്ളവര്‍ അടക്കമുള്ള ട്രേഡ് യൂനിയനുകള്‍. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി അനുഷ്ഠാനമെന്ന രീതിയില്‍ സെപ്റ്റംബര്‍ മാസം ഒന്നും രണ്ടും തീയതികളില്‍ അഖിലേന്ത്യാ പൊതുപണിമുടക്ക് വരെ നടത്താറുണ്ട്. അതിലെ പ്രധാന ആവശ്യങ്ങളായി ഉയര്‍ത്തിക്കാട്ടാറുള്ളത് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം കൂലി നിശ്ചയിക്കുക എന്നിവയാണ്. കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി തന്നെ ഉദാരവത്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാറാണ്. അവര്‍ മറിച്ചു ചെയ്യുമെന്ന് ആരും കരുതുന്നില്ല. പക്ഷേ ഇതിനെതിരായ നിലപാടുള്ള ഇടതുപക്ഷം ഭരിക്കുന്നിടത്തെങ്കിലും ഇത് നടപ്പാക്കേണ്ടതല്ലേ? നഴ്‌സിംഗ് മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവണതകള്‍ നമ്മുടെ മുന്നിലുണ്ട്. യാതൊരുവിധ തൊഴില്‍ സുരക്ഷയും അവിടെയില്ല. സമരം ചെയ്താല്‍ ജോലി പോകും. ഒട്ടനവധി പേര്‍ ഇപ്പോഴും “ട്രെയിനി” എന്ന പേരില്‍ അവിടെ പണിയെടുക്കുന്നു. അവരെ വളരെ കുറഞ്ഞ കൂലിക്കു പണി എടുപ്പിക്കുന്നു.
നേരത്തെ പറഞ്ഞ നിരവധി മേഖലകളിലും അനൗപചാരിക തൊഴില്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ ഇതിലൊക്കെ ഇടപെടാന്‍ നിരവധി നിയമ കടമ്പകള്‍ ഉണ്ടെന്നാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പോലും പറയുന്നത്. പിന്നെ ആരുണ്ട് ഇവര്‍ക്ക് നീതി നല്‍കാന്‍? പക്ഷേ ഇക്കാര്യത്തില്‍ ഒട്ടനവധി ആശുപത്രികളില്‍ നഴ്‌സുമാര്‍ നേരിട്ട് തന്നെ സമരത്തിനിറങ്ങി. സംഘടിതമായ ഒരു യൂനിയന്‍ അവര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ സമരങ്ങള്‍ ശക്തിപ്പെട്ടതോടെ പതുക്കെ പതുക്കെ യൂനിയനുകള്‍ രൂപം കൊണ്ടു. ഇപ്പോള്‍ പ്രബലമായ രണ്ട് സംഘടനകള്‍ അവര്‍ക്കുണ്ട്. മറ്റു യൂനിയനുകളില്‍ നിന്നും വ്യത്യസ്തമായി ഇവരുടെ നേതൃത്വവും നിയന്ത്രണവും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തന്നെയാണ്. ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ യൂനിയന്‍ നേതൃത്വവുമായി ബന്ധമില്ല. അതിനവര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.

കേരളത്തിലെ പല മേഖലകളിലും തങ്ങളുടെ തൊഴിലാളികള്‍ക്കു നീതി നേടിക്കൊടുക്കാന്‍ സംഘടിത വ്യവസ്ഥാപിത യൂനിയനുകള്‍ക്കു കഴിയാറില്ല. ശക്തമായ തൊഴിലാളി യൂനിയന്‍ ഉള്ള തോട്ടം മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്ന വസ്തുത ലോകത്തിനു മുന്നില്‍ വെച്ചതു പെമ്പിളൈ ഒരുമൈ എന്ന സ്ത്രീ കൂട്ടായ്മയായിരുന്നല്ലോ. അവിടെ നിലവില്‍ ഉണ്ടായിരുന്ന യൂനിയന്‍ നേതാക്കളൊക്കെ അഖിലേന്ത്യാ സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ ആയിരുന്നിട്ടും തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ അവര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ചൂഷണക്കാരെ പിന്തുണക്കുകയും അവരില്‍ നിന്നും പലതും കൈപ്പറ്റുകയും ചെയ്തു എന്ന് പുറം ലോകം അറിഞ്ഞു. ഇതൊക്കെ നഴ്‌സിംഗ് തൊഴിലാളികള്‍ക്കും ആവേശം പകര്‍ന്നിരിക്കും.

അത്തരം ഒറ്റപ്പെട്ട സമരങ്ങളില്‍ ചിലയിടത്തെങ്കിലും നേട്ടമുണ്ടായെങ്കിലും മൊത്തത്തില്‍ നഷ്ടമെന്നേ പറയാന്‍ കഴിയൂ. കാരണം നേതാക്കന്മാര്‍ പലരും ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ടു. സര്‍ക്കാര്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ബലരാമന്‍ കമ്മീഷനെയും മറ്റും നിയോഗിച്ചു. അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒന്നും നടപ്പായില്ല. അവസാനം പരമോന്നത കോടതിയായ സുപ്രീം കോടതി തന്നെ ഇടപെട്ടു. അവിദഗ്ധ തൊഴിലാളിക്ക് മിനിമം വേതനമായി 15,000 രൂപ നിശ്ചയിക്കപ്പെടുമ്പോള്‍ നാല് വര്‍ഷത്തെ പഠനവും പിന്നെ ഒരു വര്‍ഷത്തെ പരിശീലനവും കഴിഞ്ഞവര്‍ക്ക് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം നല്‍കണമെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടു. പക്ഷെ അതും നടപ്പിലായില്ല. ചരിത്രത്തില്‍ നാം വിജയമെന്നും പരാജയമെന്നും കരുതുന്നവ കാലം കഴിയുമ്പോള്‍ മാറി മറിയാം. ഇവിടെയും അത് കാണാം. സമരങ്ങള്‍ പരാജയപ്പെട്ടു എന്ന് കരുതിയവര്‍ക്ക് തെറ്റി. ശക്തമായ സംഘടനാബോധം നഴ്‌സുമാരില്‍ വളര്‍ന്നു. പുറത്ത് നിന്നുള്ള നേതാക്കള്‍ ഇല്ലാതെ തന്നെ അതിശക്തമായ ഒരു പോരാട്ടത്തിന് അവര്‍ കരുത്ത് നേടി. അതാണ് ചരിത്രത്തില്‍ നിന്നുള്ള പാഠം. ഒറ്റപ്പെട്ട സമരങ്ങളില്‍ നിന്നും കേന്ദ്രീകൃത സമരങ്ങളിലേക്കുള്ള മാറ്റം നിര്‍ണായകമായിരുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന പ്രധാന അജന്‍ഡവെച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കായി. യു എന്‍ എ, ഐ എന്‍ എ എന്നീ രണ്ട് പേരുകളിലാണ് അവര്‍ സംഘടിച്ചതെങ്കിലും അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്ന് തന്നെയായിരുന്നു. തുടക്കത്തില്‍ അവര്‍ പണിമുടക്കാനൊന്നും പോയില്ല. ജോലി കഴിഞ്ഞുള്ള സമയത്ത് സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ അവര്‍ സത്യഗ്രഹമനുഷ്ഠിച്ചു. ആദ്യമൊക്കെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഇതിനെ അവഗണിച്ചു. വി എസിനെപ്പോലുള്ള ചിലര്‍ മാത്രം തുറന്ന പിന്തുണ നല്‍കി. പലരും അനുഷ്ഠാനമെന്ന രീതിയില്‍ പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു പോയി. വടക്കന്‍ ജില്ലകളില്‍ ഐ എന്‍ എ എന്ന സംഘടനക്കായിരുന്നു മേല്‍ക്കൈ. അവിടെയാണ് ആദ്യം പണിമുടക്കു സമരം ആരംഭിച്ചത്. അപ്പോഴും അടിയന്തര സേവനങ്ങള്‍ക്ക് നഴ്‌സുമാര്‍ തയ്യാറായി നിന്നു. പക്ഷേ ഈ സമരത്തോട് ഭരണകൂടവും കോടതിയും എടുത്ത സമീപനങ്ങള്‍ അത്ഭുതകരമായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പറയാന്‍ തയാറാകാത്ത ഹൈക്കോടതി, അതിനായി സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ടു. പനിക്കാലത്ത് ഇങ്ങനെ സമരം ചെയ്യുന്നത് ശരിയല്ലെന്ന ഉപദേശമാണ് മന്ത്രിയും മറ്റും നല്‍കിയത്. ഇത് കേട്ടാല്‍ തോന്നുക ഇവരുടെ പ്രശ്‌നം ഇപ്പോള്‍ ഉണ്ടായതാണെന്നാണ്. എത്ര കാലമായി ഇവര്‍ മുറവിളി കൂട്ടുന്നു. പക്ഷേ അതിനു ചെവി കൊടുക്കാന്‍ തയാറാകാതിരുന്ന സര്‍ക്കാറല്ലേ ഈ ദുരവസ്ഥക്ക് കാരണം?

വളരെ വ്യത്യസ്ത വലുപ്പമുള്ള ആശുപത്രികളാണ് ഇവിടെ ഉള്ളത് എന്നതിനാല്‍ തന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വേതന സംവിധാനം എന്നതിന് ചില പരിമിതികള്‍ ഉണ്ട്. വളരെ ചെറിയ ആശുപത്രികള്‍ക്കു വലിയ സ്ഥാപനങ്ങളെപ്പോലെ നിശ്ചയിക്കപ്പെട്ട കുറഞ്ഞ വേതനം നല്‍കാന്‍ കഴിയില്ലെന്ന വാദം ഉണ്ട്. അമ്പത് കിടക്കകള്‍ വരെയുള്ളവയെ ഏറ്റവും താഴ്ന്ന ഇനമായി കണക്കാക്കി അവയുടെ മിനിമം വേതനം നിശ്ചയിക്കുക എന്ന രീതിയാണ് സ്വീകരിക്കാവുന്നത്. പക്ഷേ ഇവിടെ ഒരു വസ്തുത നാം കാണേണ്ടതുണ്ട്. കിടക്കകള്‍ കുറയുമ്പോള്‍ നഴ്‌സുമാരുടെ എണ്ണവും ആനുപാതികമായി കുറയുമല്ലോ. ഉദാഹരണത്തിന് പത്ത് കിടക്കകളേയുള്ളൂ എങ്കില്‍ നാല് പേരെ നഴ്‌സായി ഉണ്ടാകൂ. അവര്‍ക്കു മാസം 20,000 എന്ന നിരക്കില്‍ നല്‍കിയാല്‍ തന്നെ മൊത്തം ശമ്പളം 80,000 അല്ലേ വരൂ. ഒരു കിടക്കക്കു നഴ്‌സിംഗ് ചാര്‍ജായി അവര്‍ പിരിക്കുന്ന പണത്തിന്റെ കണക്കു നോക്കിയാല്‍ അതിന്റെ പാതി പോലും വരില്ല ഇതെന്നാണ് സത്യം. ഒപ്പം ട്രെയിനികളെക്കൊണ്ട് ജോലി എടുപ്പിക്കുക കൂടിയാകുമ്പോള്‍ പിന്നെയും ലാഭമാണ്. (അവസാനിച്ചിട്ടില്ല)

Latest