കര്‍ണന് പ്രതീക്ഷ പുതിയ രാഷ്ട്രപതിയില്‍

Posted on: July 26, 2017 9:34 am | Last updated: July 26, 2017 at 1:40 pm

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന് ഇനി പ്രതീക്ഷ പുതിയ രാഷ്ട്രപതിയില്‍. തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കും. ഇതിനായി രാഷ്ട്രപതിക്ക് ഇ മെയില്‍ വഴി അപേക്ഷ നല്‍കുമെന്ന് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞു.

സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്ത് അയച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് കര്‍ണനെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

സുപ്രീം കോടതിയില്‍ ഹരജി കോടതിലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി പരിഗണിച്ചിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് അവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറ് മാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഒന്നര മാസത്തിന് ശേഷമാണ് പിടിയിലാകുന്നത്.