കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു

ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ എട്ട് പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.
Posted on: July 24, 2017 8:15 pm | Last updated: July 24, 2017 at 8:25 pm

മലപ്പുറം: ഇസ്ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് ഭീകരര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ എട്ട് പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇവര്‍ പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം സഭയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഫൈസലിന്റെ മാതാവ് മീനാക്ഷി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

2016 നവംബര്‍ 16നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിയോടെ ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയ ഫൈസലിനെ രാവിലെ കൊല്ലപ്പെട്ട നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുവെങ്കിലും എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

ഫൈസലിന്റെ കുടുംബാംഗങ്ങള്‍ കൂടി ഇസ്ലാം സ്വീകരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തുന്നതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തല്‍ കഴിഞ്ഞ ദിവസം ഇവിടെ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നിരുന്നു.