കേരളത്തിലെ നാല് സര്‍വകലാശാലകളില്‍ വിസി തസ്തിക ഒഴിഞ്ഞുകിടക്കുന്നു: ഗവര്‍ണര്‍

Posted on: July 22, 2017 1:06 pm | Last updated: July 22, 2017 at 1:06 pm

കേരളത്തിലെ നാല് സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലറുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. കണ്ണൂര്‍, കേരള കലാമണ്ഡലം, ശ്രീ ശങ്കരാചാര്യ, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലകളിലാണ് വൈസ്ചാന്‍സലര്‍ ഒഴിവുള്ളത്. വൈസ്ചാന്‍സലര്‍ നിയമന നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ് ഇതിന് കാരണം.സ്‌റ്റേ നീക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 2010ലെ യു.ജി.സി. ചട്ടങ്ങള്‍ക്ക് അനുസൃതമായി മാത്രമേ വി.സി, പി.വി.സി. നിയമനങ്ങള്‍ നടത്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് ചാന്‍സലേഴ്‌സ് കൗണ്‍സിലിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സദാശിവം.

ദേശീയ റാങ്കിങ്ങില്‍ കേരള, കാലിക്കറ്റ്, എം.ജി, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഉയര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാനായത് വൈസ്ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി 2014 നവംബറില്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപവല്‍ക്കരിച്ചതിന്റെ ഭാഗമായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളില്‍ തൊഴില്‍ കൂടി പഠിപ്പിക്കുക, കാര്‍ഷിക സര്‍വകലാശാലകള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ പി.സദാശിവം ആവശ്യപ്പെട്ടു.സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലും സെനറ്റിലും മറ്റും എത്തിയാല്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയംനോക്കി തീരുമാനങ്ങളെടുക്കരുതെന്നും പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ പകരാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു