Connect with us

Ongoing News

ജിയോയില്‍ ഇനി കോളും ഡാറ്റയും മാത്രമല്ല, ഫോണും സൗജന്യം!

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവങ്ങള്‍ക്ക് തുടക്കമിട്ട റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ഓഫറുമായി രംഗത്ത്. ജിയോ പുതുതായി അവതരിപ്പിക്കുന്ന ജിയോഫോണാണ് താരം. ഈ ഫീച്ചര്‍ ഫോണ്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒപ്പം ആജീവനാന്ത സൗജന്യ കോളുകളും.

ജിയോ അടുത്തിടെ പ്രഖ്യാപിച്ച 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണ് മുകേഷ് അംബാനി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ജിയോയുടെ ഈ ഫീച്ചര്‍ ഫോണ്‍ വാങ്ങുമ്പോള്‍ 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെക്കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരികെ നല്‍കിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ച് ലഭിക്കും. ഫലത്തില്‍ ഫോണ്‍ സൗജന്യം തന്നെ.

50 കോടി ജിയോ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നത്. ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് വരെ ജിയോ നെറ്റ് വര്‍ക്കിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. ജിയോക്ക് വെറും 4ജി നെറ്റ് വര്‍ക്ക് മാത്രമെ ഉള്ളൂവെന്നത് തന്നെ കാരണം. ഈ പ്രതിസന്ധി മറികടക്കാനാണ് 4ജി ഫീച്ചര്‍ ഫോണുമായി ജിയോ എത്തുന്നത്.

ഫോണ്‍ ആഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കും. ആഗസ്റ്റ് 24 മുതല്‍ മൈജിയോ, ജിയോ ഓഫ്‌ലൈന്‍ സറ്റോറുകളില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്യാം. സെപ്തംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ നല്‍കിത്തുടങ്ങും.

ജിയോ ഫോണിന് മാത്രമായി പുതിയ ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 153 രൂപ റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് സൗജന്യ വിളികളും സൗജന്യ 4ജി ഡാറ്റയും ലഭിക്കും. 500 എംബി വരെ ഉയര്‍ന്ന സ്പീഡിലും പിന്നീട് ചുരുങ്ങിയ സ്പീഡിലുമാണ് ഡാറ്റ ലഭിക്കുക. 309 രൂപയുടെ മറ്റൊരു പാക്കേജ് കൂടിയുണ്ട്. ഇത് എടുത്താല്‍ ഫ്രീ കോള്‍, ഡാറ്റ എന്നിവക്ക് പുറമെ ഫോണ്‍ സ്‌ക്രീന്‍ ടിവി സ്‌ക്രീനിലേക്ക് മിറര്‍ ആയി കാണിക്കാന്‍ സാധിക്കും. ഇതിന് പ്രത്യേക കേബിളും ജിയോ വിപണിയില്‍ എത്തിക്കും.

മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകൾ ലഭ്യമാണ്.

---- facebook comment plugin here -----

Latest