മെഡിക്കല്‍ കോഴയില്‍ കുരുങ്ങി ബി ജെ പി

Posted on: July 21, 2017 12:51 am | Last updated: July 20, 2017 at 11:52 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ബി ജെ പിയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര നേതൃത്വം പദ്ധതികള്‍ നടപ്പാക്കി വരവെ പാര്‍ട്ടിക്കേറ്റ കനത്ത ആഘാതമാണ് കോളജ് കോഴ വിവാദം. തലസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന ഒരു മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടു പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയതായുള്ള ആരോപണത്തെക്കുറിച്ചു അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് ഇപ്പോള്‍ ബി ജെ പിയെ പിടിച്ചുകുലുക്കുന്നത്. സ്ഥാപനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ വേണ്ട ഒത്താശകള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി യുവമോര്‍ച്ച നേതാവും ബി ജെ പി സഹകരണ സെല്‍ കണ്‍വീനറുമായ ആര്‍ എസ് വിനോദ് അഞ്ച് കോടി 60 ലക്ഷം രൂപ കോഴ വാങ്ങിയതായി അന്വേഷണ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ആര്‍ ഷാജി മുഖേനയാണ് കോളജ് സംരഭകര്‍ പണം നല്‍കിയത്. ഇക്കാര്യം വിനോദ് സമ്മതിച്ചതായും വാങ്ങിയ പണം അയാള്‍ ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ക്ക് കുഴല്‍പ്പണ ഏജന്റ് വഴി കൈമാറിയതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. സതീഷ് നായര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നല്ല ബന്ധമുണ്ടെന്ന് പറഞ്ഞാണത്രെ പണം വാങ്ങിയത്.

കോഴ നല്‍കിയിട്ടും കാര്യം നടക്കാതായതോടെ സംരഭകര്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കി. സംസ്ഥാന നേതൃയോഗത്തില്‍ ഇതു ചൂടുപിടിച്ച ചര്‍ച്ചക്ക് വിഷയീഭവിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നേതാക്കളായ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ഇവര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേര് പരാമര്‍ശിക്കുകയും വിഷയത്തില്‍ കര്‍ശന നടപടി നിര്‍ദേശിക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കൈമാറിയിരുന്നെങ്കിലും അദ്ദേഹം പുറത്ത് വിട്ടിരുന്നില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇപ്പോള്‍ പുറത്തു വരികയാണുണ്ടായത്. ഇതിനിടെ തൃശൂര്‍ കൈപ്പമംഗലത്തെ ബി ജെ പി നേതാവിന്റെ വീട്ടില്‍ നിന്ന് 2000ത്തിന്റെ കള്ളനോട്ടുകളും അവ അച്ചടിക്കുന്നതിനുള്ള മെഷീനുകളും പോലീസ് പിടിച്ചെടുത്തത് പാര്‍ട്ടിക്കേറ്റ തിരിച്ചടിയായിരുന്നു.
കേന്ദ്രഭരണം മറയാക്കി ചില നേതാക്കള്‍ അഴിമതി നടത്തുന്നതായുള്ള ആക്ഷേപം പാര്‍ട്ടിക്കകത്ത് നേരത്തെയുണ്ട്. പാലക്കാട് പുതിയ മെഡി. കോളജ് അനുവദിക്കാമെന്നുവാഗ്ദാനം നല്‍കിയും തലസ്ഥാനത്തു തന്നെ മറ്റൊരു മെഡി. കോളജിന് വേണ്ടിയും പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു.

വാജ്പയ് പ്രധാനമന്ത്രിയായിരുന്നപ്പോഴും കേരളത്തിലെ ബി ജെ പി നേതാക്കള്‍ അഴിമതി നടത്തിയതായി ആരോപണമുയര്‍ന്നതാണ്. അന്ന് പെട്രോള്‍പമ്പ് അഴിമതിയിലായിരുന്നു നേതാക്കള്‍ ഉള്‍പ്പെട്ടത്. പമ്പുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളോട് അടക്കം പണം ചോദിച്ചതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് സ്ഥിരീകരിക്കുകയുണ്ടായി. പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ നേതാക്കള്‍ 18 കോടി കൈപറ്റിയതായാണ് വെളിപ്പെട്ടത്. ഇതില്‍ പാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് കോടി മാത്രമായിരുന്നു. ബാക്കി നേതാക്കള്‍ വീതിച്ചെടുക്കുകയായിരുന്നുവത്രെ. പി കെ വാസുദേവന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി ദയനീയമായി പരാജയപ്പെടാനിടയായതിനെക്കുറിച്ചു അന്വേഷിച്ച സമിതി, പെട്രോള്‍ പമ്പ് കുംഭകോണമാണ് പാര്‍ട്ടിക്ക് വിനയായതെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ ആരോപണം പാര്‍ട്ടിക്കകത്തെ കോഴക്കഥകള്‍ പുറത്തു കൊണ്ടുവരിക മാത്രമല്ല, മോദിയുടെ നോട്ട് നിരോധം യാതൊരു ഫലവുമുളവാക്കിയിട്ടില്ലെന്നും ബോധ്യപ്പെടുത്തുന്നു. കോളജിന് അംഗീകാരം വാങ്ങാനെന്ന പേരില്‍ ഷാജിയില്‍ നിന്ന് പണം വാങ്ങിയ ബി ജെ പി നേതാവ് കുഴല്‍ പണമായാണ് അത് ഡല്‍ഹിയിലേക്കയച്ചതെന്ന് അയാള്‍ തന്നെ തുറന്ന് പറഞ്ഞിരിക്കെ കുഴല്‍പണവും കള്ളപ്പണവും രാജ്യത്ത് സജീവമാണെന്ന് വ്യക്തം. അതുകൊണ്ടുതന്നെ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി കേരള ഘടകത്തിന് മാത്രമല്ല, ‘കള്ളപ്പണക്കാരെ പിടികൂടാനിറങ്ങിയ’ ബി ജെ പി കേന്ദ്ര നേതൃത്വത്തിനും കനത്ത ആഘാതമാണേല്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന ബി ജെ പി സംസ്ഥാന നേതൃയോഗം കോഴക്കാര്യം പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം. എന്നാല്‍, ഒരു പാര്‍ട്ടി അന്വേഷണത്തിലോ നടപടിയിലോ മാത്രം ഒതുക്കാകുന്നതല്ല വിഷയം. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചു അഴിമതിയുടെ ആഴവും പരപ്പും പുറത്തു കൊണ്ടുവരികയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. കുഴല്‍പണം പോലുള്ള രാജ്യദ്രോഹ ഏര്‍പ്പാടുകളുടെ സ്രോതസ്സുകള്‍ കണ്ടത്തേണ്ടതുമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ചും പരാതിക്കാരെ വലയിലാക്കിയും കേസ് ഒതുക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചു കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ട്.