സലൂണ്‍ ജീവനക്കാര്‍ക്ക് നഗരസഭ പരിശീലനം നല്‍കും

Posted on: July 20, 2017 9:30 pm | Last updated: July 20, 2017 at 9:30 pm
രിദ സല്‍മാന്‍

ദുബൈ: ദുബൈയിലെ സലൂണുകളിലെയും ബ്യൂട്ടി സെന്ററുകളിലേയും ജീവനക്കാര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ പരിശീലനം നല്‍കാന്‍ ദുബൈ നഗരസഭ രംഗത്ത്. 3,600 സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍ വരിക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പരിശീലനം ആയിരിക്കും. നേരത്തെ റെസ്റ്റോറന്റുകള്‍ക്കും മറ്റും നല്‍കിയ ഹെല്‍ത് സൂപ്പര്‍വൈസര്‍ പരിശീലന പദ്ധതിയുടെ തുടര്‍ച്ചയാണിത്.

ആരോഗ്യകരമായ സമീപനത്തോടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനാണ് പദ്ധതി. ദുബൈ അക്രെഡിറ്റേഷന്‍ സെന്ററിന്റെ അനുമതി നേടിയതിനു ശേഷം ആയിരിക്കും പരിശീലന പദ്ധതിയെന്ന് ഹെല്‍ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് മേധാവി രിദ സല്‍മാന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ സൂപ്പര്‍വൈസര്‍ക്കു സാക്ഷ്യപത്രം ഉണ്ടാകണം. അവര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുക. ശുചീകരണം, അണു നശീകരണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മതിയായ പരിശീലനം ഇവര്‍ നേടണം. ജീവനക്കാരുടെ സമീപനത്തിന്റെ റിപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ തയാറാക്കണം. നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ നഗരസഭയെ അറിയിക്കണം. ഹെല്‍ത് കണ്‍ട്രോള്‍ സെക്ഷന്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്

സലൂണുകളും ബ്യൂട്ടി സെന്ററുകളും ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളാണ്. അവിടെ ശുചിത്വവും രോഗാണു വിമുക്ത സാഹചര്യവും നിര്‍ബന്ധമാണ്. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഇത്തരം അറിവുകള്‍ വേണ്ടതുണ്ടെന്നു നഗരസഭ മനസ്സിലാക്കിയിട്ടുണ്ട്.