സൽമാൻ രാജാവിൻെറ അറസ്റ്റ് വാറണ്ട്; സഉൗദി രാജകുമാരൻ അറസ്റ്റിൽ

Posted on: July 20, 2017 8:30 pm | Last updated: July 21, 2017 at 8:12 pm

ജിദ്ദ: രണ്ട് സ്ത്രീകള്‍ അടക്കം നാല് പേരെ ആക്രമിച്ച സംഭവത്തില്‍ സഊദി രാജകുമാരനെ അറസ്റ്റ് ചെയ്യാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സഊദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെതിരെയാണ് സഊദി ഭരണാധികാരി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാജകുമാരന്റെയും ആക്രമണത്തിന് ഇരയായവരുടെയും മൊഴി രേഖപ്പെടുത്താനും രാജാവ് ഉത്തരവിട്ടു. അതേസമയം, രാജാവിന്റെ അറസ്റ്റ് വാറണ്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ രാജകുമാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രാജകുമാരന്‍ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് എതിരെ കേസെടുത്ത് നടപടികള്‍ തുടങ്ങിയത്.

അറസ്റ്റിലാകുന്നതോടെ വിചാരണ പൂര്‍ത്തിയാകും വരെ രാജകുമാരന് തടവറയില്‍ കഴിയേണ്ടിവരും. കുറ്റം ചെയ്യുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സഊദി രാജാവിന്റെ കര്‍ക്കശ നിലപാടുകള്‍.

നേരത്തെ കൊലക്കേസില്‍ സഊദി രാജകുമാരൻെറ വധശിക്ഷ നടപ്പാക്കിയിരുന്നു. 2016ല്‍ സഊദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീര്‍ എന്ന രാജകുമാരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.