Gulf
പ്രാദേശിക ഫാമുകളുടെ ശാക്തീകരണത്തോടെ ഭക്ഷ്യസുരക്ഷക്ക് ഹസാദ് ഫുഡ്

ദോഹ: പ്രാദേശിക ഫാമുകളെ ശാക്തീകരിച്ച് രാജ്യത്ത് ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ ഖത്വര്‍ കാര്‍ഷിക വികസന കമ്പനിയായ ഹസാദ് ഫുഡിന്റെ പദ്ധതി. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഫാമുകളില്‍ 80 ശതമാനവും നിര്‍ജീവമോ കാര്യമായ ഉത്പാദനം നടക്കാത്തവയോ ആണ്. അത്തരം ഫാമുകളെ സജീവമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമതയില്ലാത്ത ഫാമുകളെ സഹായിക്കുന്നതിനും ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി ഇക്തിഫ എന്ന പേരിലാണ് ഹസാദ് ഫുഡിന്റെ പുതിയ പദ്ധതി. ഇതിലൂടെ പ്രാദേശിക കര്‍ഷകര്‍ക്ക് പ്രോത്സാഹനങ്ങളും അവസരങ്ങളും ലഭിക്കും.
ഉന്നത നിലവാരത്തിലുള്ള പഴവും പച്ചക്കറികളും ഉത്പാദിപ്പിക്കാനായി ഹസാദ് ഫുഡ് ഫാമുകള്‍ക്ക് സാങ്കേതിക സഹായമുള്‍പ്പെടെയുള്ള സൗകര്യങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 60 ഹെക്ടറില്‍ പ്രതിവര്‍ഷം 5000 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണു നടപ്പാക്കുക. പിന്നീട് ഘട്ടം ഘട്ടമായി പദ്ധതി വിപുലീകരിക്കും. ഇതുപ്രകാരം പ്രാദേശിക ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി, പഴം ഉത്പന്നങ്ങള്‍ ഫാമുകളില്‍ നിന്ന് ഹസാദ് നേരിട്ട് വാങ്ങി പ്രാദേശിക വിപണിയില്‍ വില്‍ക്കും. വ്യക്തമായ വാണിജ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കുമിത്.
പദ്ധതിയില്‍ ചേരുന്ന എല്ലാ പ്രാദേശിക ഫാമുകള്‍ക്കും ഉന്നത നിലവാരത്തിലുള്ള ഉത്പാദനത്തിനായി സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് ഹസാദ് ഫുഡ് സി ഇ ഒ മുഹമ്മദ് അല്‍ സദ പറഞ്ഞു. വിപണിയില്‍ പ്രാദേശിക ഫാമുകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പ്രാദേശിക ഫാമുകളുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും.
ഹരിത പച്ചക്കറി ശാലകള്‍ നിര്‍മിക്കുക, കാര്‍ഷിക സാമഗ്രികളുടെ വിതരണം,സാങ്കേതിക മേല്‍നോട്ടം എന്നിവക്കായി സാമ്പത്തിക പിന്തുണ തേടുന്ന ഫാമുകള്‍ക്ക് സാധ്യതാ പഠനം നടത്താനുള്ള സഹായവും ഹസാദ് നല്‍കും. പദ്ധതി നടത്തിപ്പിനു വേണ്ടി പ്രത്യേക സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫാമുകളെ ഈ കമ്മിറ്റിയാകും പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക.
ആഭ്യന്തരവിപണിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നു 3.4 ലക്ഷം ആടുകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. ജൂണ്‍ മുതല്‍ മൂന്ന് മാസം വരെ ആടുകളുടെ ഇറക്കുമതി തുടരും. പദ്ധതിയില്‍ താത്പര്യമുള്ള പ്രാദേശിക ഫാം ഉടമകള്‍ക്ക് ഹസാദ് വെബ്‌സൈറ്റ് വഴി ബന്ധപ്പെടാം.