തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

Posted on: July 19, 2017 9:13 am | Last updated: July 19, 2017 at 10:17 am

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. പാവറട്ടി, എളവള്ളി, ഏങ്ങണ്ടിയൂര്‍, വെങ്കിടങ്ങ്, മുല്ലശേരി പഞ്ചായത്തുകളില്‍ കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

മാല പൊട്ടിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് പാവറട്ടി പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വഴിയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കെ വിനായകനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആള്‍ മാറിയതാണെന്ന് മനസിലായ പോലീസ് വൈകുന്നേരത്തോടെ യുവാവിനെ വിട്ടയച്ചു.ഇന്നലെ ഉച്ചയോടെയാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഉന്നത അധികാരികള്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മറയൂര്‍- കാന്തല്ലൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.