2011ല്‍ നടിയെ തട്ടിക്കാണ്ടുപോയ സംഭവം: സുനിയുടെ സഹായികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

Posted on: July 19, 2017 9:02 am | Last updated: July 19, 2017 at 11:46 am

കൊച്ചി: ആറ് വര്‍ഷം മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സഹായികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നടിയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇവരുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ഫെബ്രുവരിയില്‍ കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാണ് സുനി. ഇന്നലെ വൈകുന്നേരം കാക്കനാട് ജില്ലാ ജയിലില്‍ നേരിട്ടെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിക്കെതിരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

2011ല്‍ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സിനിമയുടെ നിര്‍മാതാവ് ജോണി സാഗരിഗയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്ന് ജോണി സാഗരിഗയുടെ ഡ്രൈവറായിരുന്നു.
വാഹനം ദിശമാറി പോകുന്നത് മനസ്സിലാക്കിയ നടി നിര്‍മാതാവിനെയും ഭര്‍ത്താവിനെയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ ഇവരെ കുമ്പള റമദാ റിസോര്‍ട്ടിന് സമീപം ഇറക്കിവിടുകയായിരുന്നു.