പാക് അധീന കാശ്മീര്‍ ഇന്ത്യയുടേത്; വിസക്ക് ശുപാര്‍ശ വേണ്ടെന്ന് സുഷമ സ്വരാജ്

Posted on: July 18, 2017 6:20 pm | Last updated: July 18, 2017 at 9:38 pm

ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ എത്തുന്നതിന് വിസ അനുവദിക്കാന്‍ പാക്കിസ്ഥാന്റെ ശുപാര്‍ശ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക് അധീന കാശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസ ആവശ്യപ്പെട്ട യുവാവിന് അത് അനുവദിച്ച ശേഷം ട്വിറ്ററിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.

പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. പാക്കിസ്ഥാന്‍ അത് അനധികൃതമായി കൈയടക്കിവെച്ചിരിക്കുകയാണ്. അവിടെ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ശുപാര്‍ശകത്ത് ആവശ്യമില്ലെന്നും ട്വിറ്ററില്‍ സുഷമ വ്യക്തമാക്കി.

കരളില്‍ ട്യൂമര്‍ ബാധിച്ച ഉസാമ അലി എന്ന 24കാരനാണ് ഇന്ത്യയില്‍ ചികിത്സ തേടുന്നതിന് വിസ ആവശ്യപ്പെട്ടത്. ഇതിനായി പാക് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ക്ക് വിസമ്മതിച്ചു. തുടര്‍ന്ന് ഉസാമയുടെ കുടുംബം സുഷമ സ്വരാജുമായി ബന്ധപ്പെടുകയായിരുന്നു.