Connect with us

Gulf

ദുബൈയില്‍ ജീവനക്കാരെ ബന്ദികളാക്കി ജ്വല്ലറിയില്‍ കവര്‍ച്ച; അഞ്ചംഗ സംഘം 48 മണിക്കൂറിനുള്ളില്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ: ആയുധം കാണിച്ച് ജീവനക്കാരെ ബന്ദികളാക്കി ജ്വല്ലറിയില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ 48 മണിക്കൂറിനുള്ളില്‍ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത മുഴുവന്‍ ആഭരണവും പോലീസ് വീണ്ടെടുത്തു.
റാശിദിയ്യ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഒരു ജ്വല്ലറിയിലാണ് ആയുധ ധാരികളായ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരുടെ നേര്‍ക്ക് കുരുമുളക് സ്‌പ്രേയും മുളക് പൊടിയും വിതറി ബാത്ത്‌റൂമില്‍ ബന്ദികളാക്കിയാണ് കവര്‍ച്ച നടത്തിയത്. 30 ലക്ഷം ദിര്‍ഹമിന്റെ ആഭരണങ്ങളാണ് കവര്‍ന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10നാണ് മുഖംമൂടി സംഘം ജീവനക്കാരെ ആക്രമിച്ച് മോഷണം നടത്തിയ വിവരം ദുബൈ പോലീസിന് ലഭിച്ചത്. കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ കടയിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. മുഖംമൂടി ധരിച്ചതിനാല്‍ ആരെയും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ സി ഐ ഡി സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മോഷണം നടത്തി രക്ഷപ്പെട്ട അഞ്ചംഗ സംഘം വ്യത്യസ്ത ഹോട്ടലുകളിലാണ് തങ്ങിയത്. അന്വേഷണ സംഘത്തെ വഴി തെറ്റിച്ച് പിന്നീട് കവര്‍ച്ചാ മുതല്‍ പങ്കിടാനായിരുന്നു പ്രതികള്‍ ഇങ്ങനെ ചെയ്തത്.

മോഷണ മുതല്‍ വില്‍പന നടത്തി രാജ്യം വിടാനുള്ള സംഘത്തിന്റെ ശ്രമം തടയാനായി അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ രാജ്യത്തെ വില്‍പന കേന്ദ്രങ്ങളിലെല്ലാം പോലീസ് വിവരം നല്‍കി, ആഭരണങ്ങള്‍ വില്‍പന നടത്താനുള്ള ശ്രമത്തിന് തടയിട്ടു. തുടര്‍ന്ന് മൂന്നു പേരെ അല്‍ ഐന്‍ സിറ്റി ബോര്‍ഡറില്‍ നിന്നും രണ്ടു പേരെ അബുദാബിയിലെ റുവൈസില്‍ നിന്നുമാണ് പിടികൂടിയത്. മോഷണത്തിനുപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെത്തി.

ദുബൈ പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ക്രിമിനല്‍ അന്വേഷണ വിഭാഗം അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി എന്നിവര്‍ പങ്കെടുത്തു.

അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പ്രശംസിച്ചു. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കുടുക്കിയ സംഘം ദുബൈ പോലീസിന്റെ യശസ്സ് ഉയര്‍ത്തിയതായും പോലീസ് മേധാവി വ്യക്തമാക്കി.

Latest