Connect with us

Gulf

സ്വന്തം രാജ്യത്തേക്കാള്‍ ഖത്വറിനെ സ്‌നേഹിച്ച് ഫലസ്തീന്‍ പ്രവാസികള്‍

Published

|

Last Updated

ദോഹ: രാജ്യത്തെ ജനസംഖ്യയില്‍ സിംഹഭാഗവും പ്രവാസികളാണെങ്കിലും തങ്ങളുടെ നാടിനേക്കാള്‍ ഖത്വറിനെ സ്വന്തമായി കാണുന്ന പ്രവാസി കൂട്ടങ്ങളുണ്ട് ഇവിടെ. ഫലസ്തീന്‍ പ്രവാസികള്‍ ആ വിഭാഗത്തില്‍ പെടുന്നവരാണ്. തലമുറകളായി ഖത്വറിനെ സ്വന്തം രാജ്യമായി അനുഭവിക്കുന്നവര്‍.

ഒരു മാസത്തിലേറെയായി മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഖത്വറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഫലസ്തീന്‍ സമൂഹം രാജ്യത്തെ പ്രതിരോധിക്കാന്‍ എന്തും ചെയ്യുമെന്ന് പറയുന്നു. ഖത്വര്‍ എന്റെ വീടാണ്, എന്റെ ജീവിതവും എല്ലാമുമാണെന്ന് അഹ്മദ് അല്‍ ഹബാലി പറയുന്നു. ഖത്വറില്‍ ജനിച്ച ഹബാലി ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലോകത്തെ നിരവധിയാളുകളെ ഖത്വര്‍ എങ്ങനെയാണ് സഹായിക്കുന്നതെന്നും പിന്തുണക്കുന്നതെന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യം, ജീവിക്കാന്‍ സുരക്ഷിതമായ അന്തരീക്ഷം അടക്കം എല്ലാം ഖത്വര്‍ നല്‍കി. ഖത്വറില്‍ തന്നെയാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ഉന്നതപഠനം അമേരിക്കയിലായിരുന്നു. ജീവിതത്തില്‍ നാലോ അഞ്ചോ പ്രാവശ്യം മാത്രമാണ് ഫലസ്തീനിലേക്ക് പോയത്. എന്റെ കുട്ടികളുടെയും വീടാണ് ഖത്വര്‍. വാക്കുകള്‍ക്കതീതമാണ് തങ്ങളെ സംബന്ധിച്ചിടത്തോളം ഖത്വറെന്നും രാജ്യത്തോടും ഭരണനേതൃത്വത്തോടുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായപ്പോഴാണ് ഖത്വര്‍ അഭയം നല്‍കിയതെന്ന് എഴുപതുകളില്‍ ഇവിടെയെത്തിയ ഇയാദ് അള്‍ സെയ്ദി പറയുന്നു. തങ്ങളോട് പുറത്തുപോകാന്‍ ഈ രാജ്യം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. വീടു വിടാന്‍ രക്ഷിതാക്കള്‍ മക്കളോട് ഒരിക്കലും ആവശ്യപ്പെടാത്തത് പോലെയാണിതും. പാസ്‌പോര്‍ട്ട് കാണുമ്പോള്‍ മാത്രമാണ് താനൊരു ഖത്വരി പൗരനല്ലെന്ന സത്യം മനസ്സിലാക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. ഖത്വരി സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് സെയ്ദിയുടെ പിതാവ് ദോഹയിലെത്തിയത്. ഇപ്പോള്‍ മൂന്നാം തലമുറയാണ് ഇവിടെ ജീവിക്കുന്നത്. സെയ്ദിയുടെ മൂന്ന് മക്കളും ഇതുവരെ ഫലസ്തീനില്‍ പോയിട്ടില്ല.

പിതാവ് അഭിഭാഷകനായിരുന്നു. ഖത്വറിന് പുറത്ത് വെച്ചാണ് പിതാവ് ഖത്വരി സുഹൃത്തിനെ സഹായിച്ചത്. ആ ബന്ധത്തില്‍ അദ്ദേഹം ഇങ്ങോട്ടേക്ക് ക്ഷണിച്ചു. കുടുംബത്തെ പോലെയാണ് അവര്‍ തങ്ങളെ പരിപാലിച്ചത്. നിലവിലെ അവസ്ഥ ഈ രാജ്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരമൊരുക്കി. ഈ രാജ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. പോരാടാനും ജീവന്‍ ബലിനല്‍കാനും തയ്യാറാണെന്നും സെയ്ദി പറയുന്നു.

 

Latest