ഖത്വറിന്റെ നിലപാട് യുക്തിപൂര്‍വമെന്ന് അമേരിക്ക

Posted on: July 12, 2017 8:15 pm | Last updated: July 12, 2017 at 8:15 pm

ദോഹ: അയല്‍ അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നത്തില്‍ ഖത്വര്‍ സര്‍ക്കാറിന്റെ നിലപാട് യുക്തിസഹമായതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ അഭിപ്രായപ്പെട്ടു. ഖത്വറിന്റെ നിലപാടുകള്‍ വ്യക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് യുക്തിസഹവുമാണ് ഇന്നലെ ദോഹയിലെത്തിയ ടില്ലേഴ്‌സന്‍ പറഞ്ഞു.

ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി എന്നിവരുമായി ടില്ലേഴ്‌സന്‍ കൂടിക്കാഴ്ച നടത്തി. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ദോഹയിലെത്തിയത്.
നമുക്ക് മാത്രമല്ല, ലോകത്തിന് തന്നെ ആശങ്കയുള്ള വിഷയമാണ് തങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് കുവൈത്ത് അമീര്‍ ടില്ലേഴ്‌സനോട് പറഞ്ഞു. അത്ര പെട്ടെന്ന് പ്രശ്‌ന പരിഹാരമുണ്ടാവുമെന്ന് ടില്ലേഴ്‌സന്‍ കരുതുന്നില്ലെന്ന് യു എസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ തേടുകയാണ് ടില്ലേഴ്‌സന്റെ വരവിന്റെ ലക്ഷ്യം.

ഭീകരതയെ പിന്തുണക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്വറുമായി ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് ജൂണ്‍ 22ന് സഊദി സഖ്യം ഖത്വറിന് മുന്നില്‍ 13 ഇന ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, ഇവ അപ്രായോഗികവും അടിസ്ഥാന രഹിതവുമെന്ന് ചൂണ്ടിക്കാട്ടി ഖത്വര്‍ തള്ളി.

പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥതയുമായി തുടക്കം മുതല്‍ രംഗത്തുള്ള കുവൈത്തിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്. എന്നാല്‍, ടില്ലേഴ്‌സന്റെ നേരിട്ടുള്ള സന്ദര്‍ശനം അമേരിക്ക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ തെളിവാണ്.
തര്‍ക്കത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നറിയാനാണ് ടില്ലേഴ്‌സന്‍ ശ്രമിക്കുന്നതെന്ന് അല്‍ ജസീറയുടെ കുവൈത്ത് റിപ്പോര്‍ട്ടര്‍ റോസിലന്റ് ജോര്‍ദാന്‍ പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഊദി സഖ്യത്തിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ച, തുടക്കത്തിലെ തെറ്റായ ചുവടുവെപ്പുകളില്‍ നിന്ന് മാറി കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധ്യമെങ്കില്‍ അനുരഞ്ജനത്തിന് സമ്മര്‍ദം ചെലുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.
ഉപരോധ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ സാധ്യമായതല്ലെങ്കിലും അതില്‍ ചിലത് പ്രാവര്‍ത്തികമാക്കാവുന്നതാണെന്ന് ടില്ലേഴ്‌സന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ആര്‍ സി ഹാമണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, അവ ഏതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.