നടിയെ ആക്രമിച്ച കേസ്: ദിലീപുമായി തൊടുപുഴയില്‍ തെളിവെടുത്തു

Posted on: July 12, 2017 5:43 pm | Last updated: July 12, 2017 at 5:43 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ പോലീസ് തെളിവെടുപ്പ് തുടരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍ പൂരത്തിന്റെ ഷൂട്ടിംഗ് ഇവിടെ നടന്നിരുന്നു. ഷൂട്ടിംഗിനിടെ 2016 നവംബര്‍ 14ന് സുനിയും ദിലീപും കണ്ടിരുന്നെന്നാണ് കണ്ടെത്തല്‍.

2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ‘സിഫ്റ്റ്’ ജംഗ്ഷന്‍, നവംബര്‍ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിംഗ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. ‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13നു തൃശൂര്‍ ടെന്നിസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവന്‍ വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.