വിശ്വാസികള്‍ക്ക് അനുഗ്രഹമായി മുഅ്ത്തറള് വലിയ പള്ളി

Posted on: July 12, 2017 4:15 pm | Last updated: July 12, 2017 at 4:12 pm
മുഅ്ത്തറള് വലിയ പള്ളി

അല്‍ ഐന്‍: കഴിഞ്ഞ ചെറിയ പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത മുഅ്ത്തറള് വലിയ പള്ളി വിശ്വാസികള്‍ക്ക് അനുഗ്രഹമാകുന്നു.
അല്‍ ഐന്‍ അബുദാബി റോഡില്‍ ജബല്‍ റൗട്ട് എബൗട്ടണില്‍ നിന്നും 250 മീറ്റര്‍ അകലെയായി മുഅ്ത്തറള് പെട്രോള്‍ പമ്പിന് എതിര്‍ദിശയിലാണ് പള്ളി. നിരവധി പേര്‍ക്ക് ഒരേ സമയം അംഗശുദ്ധി വരുത്താനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമുണ്ട്. 3,000 പേര്‍ക്ക് ഒന്നിച്ച് നിസ്‌കാരം നിര്‍വഹിക്കാനാകും. ശീതീകരിച്ച പള്ളിക്കകത്ത് തൂണുകള്‍ ഇല്ലെന്നത് പ്രത്യേകതയാണ്. ഭിത്തിയില്‍ ഉയര്‍ത്തിയ തൂണുകളിലാണ് മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. പള്ളിക്കകത്ത് എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതും ഇതുതന്നെയാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പള്ളി പൊളിച്ച് മാറ്റിയപ്പോള്‍ പരിസര വാസികളും യാത്രക്കാരും നിസ്‌കരിക്കാന്‍ വളരെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. പഴയ പള്ളിയുടെ 800 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇമാം ശാഫി പള്ളിയില്‍ വിശ്വാസികളെ ഉള്‍കൊള്ളാന്‍ കഴിയാതെ പുറത്തേക്ക് നീളുന്ന കാഴ്ചകളായിരുന്നു. ഈ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റമസാനിലും മറ്റു വെള്ളിയാഴ്ചകളിലും ഇതിന് പരിഹാരമായി എന്നതും വിശാലമായ സൗകര്യത്തോടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യാനും നിസ്‌കരിക്കാനും കഴിയുന്നു എന്നതും ഏവരെയും സന്തോഷിപ്പിക്കുന്നു.
ഒരു കാലത്ത് ഈത്തപ്പന മടലും മണ്ണും ചേര്‍ത്ത് നിര്‍മിച്ച പള്ളി 1974ല്‍ ഹസ്സ ബിന്‍ തഹ്‌നൂന്‍ മാറ്റിപ്പണിയുകയായിരുന്നു. ഈ പള്ളി അല്‍ ഐനിലെ തന്നെ ഏറ്റവും വലിയ പള്ളികളില്‍ പെട്ടതായിരുന്നു. അല്‍ ഐനിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒരു കാലത്ത് മയ്യിത്തുകള്‍ കൊണ്ടുവന്ന്
നിസ്‌കരിച്ചിരുന്നവരും ഇവിടെയുണ്ടായിരുന്നു. ഇന്നും പുതിയ പള്ളിയില്‍ മയ്യിത്തുകള്‍ കൊണ്ടുവന്ന് നിസ്‌കരിക്കുന്നുണ്ട്.

വിദേശികള്‍ക്കിടയില്‍ മാത്തറാത്ത് ബഡാ മസ്ജിദ് എന്നറിയപ്പെട്ടിരുന്ന ഇവിടെ എല്ലാ രാജ്യക്കാരും വെള്ളിയാഴ്ചകളില്‍ ഒത്തുകൂടാറുണ്ട്. വിശിഷ്യാ മലയാളികള്‍ നാട്ടില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും ഇവിടെവെച്ച് നടത്താറുമുണ്ടായിരുന്നു.
ഹജ്ജിന് വേണ്ടി പോയിരുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഔഖാഫിന്റെ കീഴില്‍ ഈ പള്ളിയില്‍ ഹജ്ജ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. അല്‍ ഐനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ സംഘങ്ങള്‍ യാത്ര പുറപ്പെടുന്നതും തിരിച്ചെത്തുന്നതും ഒരു കാലത്ത് ഇവിടെ നിന്നായിരുന്നു. പല പ്രമുഖ പണ്ഡിതന്മാരും ഇമാമായി സേവനം ചെയ്ത പള്ളി കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുതുക്കിപ്പണിയുന്നതിന് പൊളിച്ചുനീക്കിയത്.