അമര്‍നാഥ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Posted on: July 11, 2017 11:42 pm | Last updated: July 11, 2017 at 11:42 pm

ന്യൂഡല്‍ഹി: അമര്‍നാഥ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട എഴ് പേരുടെയും കുടുംബങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറും കൊല്ലപ്പെട്ട ഓരോ കൂടുംബത്തിനും ആറ് ലക്ഷം രൂപ വീതം പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ തീവ്രവാദ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ബസ് ഡ്രൈവര്‍ സലീമിന് മൂന്ന് ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സ്ഥിതിഗതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ ജിതേന്ദ്രസിംഗ് , ഹന്‍സ്രാജ് ഗംഗറാം എന്നീ കേന്ദ്ര മന്ത്രിമാരെ സര്‍ക്കാര്‍ കശ്മീരിലേക്ക് അയച്ചു. ഇവര്‍ ഇന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹിയിലെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിഗമനം. പാക് തീവ്രവാദി അബൂ ഇസ്മാഈലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ജമ്മുകാശ്മീര്‍ പോലീസ് വ്യക്തമാക്കി.
സമാധാനപൂര്‍ണമായി തീര്‍ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാന സര്‍ക്കാറിന് എല്ലാ വിധത്തിലുള്ള സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരും നടുക്കം രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാക്കളും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 18 പ്രതിപക്ഷകക്ഷികള്‍ ഇന്നലെ സംഭവത്തില്‍ ഒന്നിച്ച് പ്രമേയം അവതരിപ്പിച്ചു. അക്രമം നടക്കുമെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും സുരക്ഷ വീഴ്ച സംഭവിച്ചതില്‍ ആത്മപരിശോധ നടത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. കശ്മീരിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഉണ്ടായതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.