മൂന്ന് വയസ്സുകാരിക്ക് ക്രൂര മര്‍ദനം: പിതാവ് കസ്റ്റഡിയില്‍

Posted on: July 11, 2017 2:15 pm | Last updated: July 11, 2017 at 2:08 pm

മുക്കം: കട്ടിലില്‍ കയറി ചാടിയതില്‍ പ്രകോപിതനായി മൂന്ന് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം മണാശ്ശേരി മുതുകുറ്റിയില്‍ ജയകുമാറിനെയാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. കുറച്ച് ദിവസമായി കുട്ടി അങ്കണ്‍വാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നി ടീച്ചര്‍ നഗരസഭാ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് ശിശുസംരക്ഷണ വിഭാഗം ജില്ലാ ഓഫീസര്‍ ഷീബ മുംതാസും മുക്കം പോലീസും വീട്ടിലെത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്.

കുട്ടിയുടെ കൈകാലുകളിലും പുറത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവിന് പുറമെ നിരവധി കറുത്ത പാടുകളുമുണ്ട്. ഇത് മുന്‍പ് മര്‍ദനമേറ്റതാണെന്നാണ് പോലീസിന്റെ നിഗമനം. ജയകുമാര്‍ ചുള്ളിവടികൊണ്ട് അടിച്ചതാണെന്നാണ് അമ്മ പോലീസിനോട് പറഞ്ഞത്.

മുന്‍പ് ഇതേ തരത്തിലുള്ള സംഭവം നടന്നതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസെത്തിയെങ്കിലും കുട്ടിയുടെ ദേഹത്ത് പരുക്കുകളൊന്നും കാണാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. പ്രതിക്ക് രണ്ട് മാസം പ്രായ മായ മറ്റൊരു കുഞ്ഞുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍സ് ഓഫ് ചില്‍ഡ്രന്‍സ് ആക്ട് 2015 വകുപ്പുകള്‍ ചുമത്തിയാണ് ജയകുമാറിനെതിരെ പോലീസ് കേസെടുത്തത്.