Connect with us

National

ബെംഗളൂരുവില്‍ സബര്‍ബന്‍ റെയില്‍പദ്ധതി 2018ഓടെ: കേന്ദ്രമന്ത്രി

Published

|

Last Updated

ബെംഗളൂരു: നഗരവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സബര്‍ബന്‍ റെയില്‍ പദ്ധതി 2018 ഓടെ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. റെയില്‍വേ മന്ത്രിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സബര്‍ബന്‍ റെയില്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മെമു ട്രെയിനുകളുടെ സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നഗര പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യഘട്ട പദ്ധതിക്ക് 2400 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാറുമായി ഉടന്‍ ചര്‍ച്ച നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 20 ശതമാനം വീതമാണ് നല്‍കുക. ബാക്കി സംസ്ഥാനത്തിന്റെ ഗാരന്‍ഡിയില്‍ ഫണ്ട് സ്വരൂപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ സബര്‍ബന്‍ പദ്ധതി ലാഭകരമാകില്ലെന്ന വിലയിരുത്തലില്‍ ഫണ്ട് സ്വരൂപിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ഈ സാഹചര്യത്തില്‍ പദ്ധതിച്ചെലവിന്റെ 80 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ടി വരും. ഇതാണ് പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുന്നത്. ചെലവില്‍ ഭൂരിഭാഗവും സംസ്ഥാനം വഹിക്കുകയാണെങ്കിലും റെയില്‍വേ മന്ത്രാലയത്തിന് കീഴിലായിരിക്കും പദ്ധതി. ടിക്കറ്റ് നിരക്ക് അടക്കമുള്ള തീരുമാനങ്ങള്‍ റെയില്‍വേയുടെതായിരിക്കും. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ 50 ശതമാനം ചെലവ് കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പദ്ധതിക്കായി കേന്ദ്രം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് നഗരവികസനമന്ത്രി കെ ജെ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാണ്ഡ്യ, തുമകൂരു, ഹിന്ദുപുര്‍, ചിക്കബെല്ലാപുര്‍, ബംഗാരപ്പേട്ട എന്നീ പ്രദേശങ്ങളുമായി ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന പാതയാണ് സബര്‍ബന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കര്‍ണാടകയില്‍ അനുവദിച്ച ഉദയ് ഡബിള്‍ഡെക്കര്‍ എ സി യാത്രാവണ്ടി സെപ്തംബര്‍ അവസാനത്തോടെ ഓടിത്തുടങ്ങും.
കോച്ചുകള്‍ ഡിസൈന്‍ ചെയ്യുന്നതിലെ കാലതാമസമാണ് തീവണ്ടി വൈകാന്‍ കാരണം. രാത്രി സര്‍വീസ് നടത്തുന്ന ഉദയ് എ സി ട്രെയിന്‍ ബെംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലായിരിക്കും സര്‍വീസ് നടത്തുക. സെപ്തംബറിന് മുമ്പ് ഇതേ റൂട്ടില്‍ താല്‍ക്കാലിക എ സി ട്രെയിന്‍ സര്‍വീസ് നടത്തുന്ന കാര്യവും പരിഗണിക്കും.

 

Latest