Connect with us

Gulf

സിലിക്കണ്‍വാലിയില്‍ ക്യു ഐ എ നിക്ഷേപം നടത്തും

Published

|

Last Updated

വാഷിംഗ്ടണില്‍ യു എസ്- ഖത്വര്‍ ബിസിനസ് കൗണ്‍സിലിന്റെ വ്യാപാര വട്ടമേശ സമ്മേളനത്തില്‍ നിന്ന്‌

ദോഹ: അമേരിക്കയിലെ സിലക്കണ്‍വാലിയില്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു ഐ എ) നിക്ഷേപം നടത്തുന്നു. സാങ്കേതിക, ജൈവസാങ്കേതിക (ബയോടെക്‌നോളജി) മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. സിലിക്കണ്‍വാലിയിലെ ജൈവസാങ്കേതിക, സാങ്കേതിക മേഖലകളില്‍ നിക്ഷേപം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉടന്‍തന്നെ ഓഫീസ് തുറക്കുമെന്നും ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2015ല്‍ ന്യൂയോര്‍ക്കില്‍ ക്യു ഐ എ ഓഫീസ് തുറന്നിരുന്നു. 2015 മുതല്‍ അമേരിക്കയില്‍ 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ക്യു ഐ എ നടത്തിയിട്ടുണ്ട്.

നിലവിലെ ഗള്‍ഫ് നയതന്ത്രപ്രതിസന്ധി ഖത്വറിന്റെ നിക്ഷേപങ്ങളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അമേരിക്കയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപകരാണ് ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ഇതിന്റെ ഭാഗമായി പത്ത് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്തുമെന്ന് ക്യു ഐ എ അറിയിച്ചിട്ടുണ്ട്.

അടിസ്ഥാനസൗകര്യവികസനപദ്ധതികളിലുള്‍പ്പടെയാണ് നിക്ഷേപം. ഖത്വര്‍ പെട്രോളിയവുമായി ചേര്‍ന്ന് അമേരിക്കന്‍ വ്യവസായങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ക്യു ഐ എ സൂചന നല്‍കിയിട്ടുണ്ട്. വാഷിംഗ്ടണില്‍ അമേരിക്ക ഖത്വര്‍ ബിസിനസ് കൗണ്‍സിലിന്റെ വ്യാപാര വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവെ ക്യു ഐ എ ചീഫ് എക്‌സിക്യുട്ടീവ് ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനിയാണ് അമേരിക്കയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചത്. നിലവിലെ നയതന്ത്ര പ്രതിസന്ധി അമേരിക്ക ഉള്‍പ്പടെയുള്ള സൗഹൃദരാജ്യങ്ങളിലെ ക്യു ഐ എയുടെ നിക്ഷേപത്തെ യാതൊരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്വറും ക്യുഐഎയും വ്യാപാരത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും അമേരിക്ക്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ റിയല്‍എസ്റ്റേറ്റ് മേഖലയിലുള്‍പ്പടെയാണ് നിക്ഷേപത്തിന് അതോറിറ്റി മുന്‍ഗണന നല്‍കുന്നത്. റസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ്, വ്യവസായം, ബദല്‍ ഊര്‍ജം, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം എന്നീ മേഖലകളില്‍ നിക്ഷേപം തുടരുന്നുണ്ട്.

ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ് കേന്ദ്രീകരിച്ചാണ് ഖത്വറിന്റെ അധിക നിക്ഷേപവും. ന്യൂയോര്‍ക്ക് എംപയര്‍ സ്റ്റേറ്റ് റിയല്‍റ്റി ട്രസ്റ്റില്‍ 10 ശതമാനം ഓഹരി, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശം, വിവിധോദ്ദേശ്യ മാന്‍ഹാട്ടന്‍ വെസ്റ്റില്‍ 44 ശതമാനം ഓഹരി, ലോസ് ആഞ്ചല്‍സില്‍ 1.34 ബില്യണ്‍ ഡോളറിന്റെ നാല് ഓഫീസ് കെട്ടിടങ്ങള്‍, സിറ്റിസെന്റര്‍ ഡി സി പദ്ധതിയിലെ നിക്ഷേപം എന്നിവയാണ് അമേരിക്കയിലെ ക്യു ഐ എയുടെ പ്രധാന നിക്ഷേപങ്ങള്‍. അമേരിക്കയിലെ കിഴക്ക്, പടിഞ്ഞാറ് തീരമേഖലകള്‍ക്കു പുറമെ മധ്യപടിഞ്ഞാറന്‍ മേഖലകളിലും ഖത്വര്‍ നിക്ഷേപം തേടുന്നുണ്ട്.

 

Latest