എല്ലാം ശരിയാക്കാന്‍ ഇനി ആരു വരും?; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: July 6, 2017 12:32 pm | Last updated: July 6, 2017 at 3:38 pm
SHARE

കൊച്ചി: വിവാദമായ മൂന്നാറിലെ ലൗഡെയ്ല്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയ വിധിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇത് നടപ്പാക്കന്‍ കഴിയില്ലെന്ന് പറയുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. എല്ലാം ശരിയാക്കാന്‍ ഇനി ആരു വരുമെന്നു സര്‍ക്കാറിനോട് ഹൈക്കോടതി ചോദിച്ചു.

തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജവവും വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൈയേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികള്‍ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണു വേണ്ടത്. ഇതു നടപ്പാക്കുന്നതില്‍ സര്‍ക്കാറിനെ ആരും തടയുന്നില്ല. എന്നിട്ടും ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

ലൗഡെയ്‌ലിന്റെ ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം സബ്കലക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ ഉമസ്ഥാവകാശം തെളിയിക്കാന്‍ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹരജി തള്ളിയത്. ലൗഡെയ്ല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സര്‍ക്കാറിനു ഏറ്റെടുക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനിടെ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു.