പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രിം കോടതി

Posted on: July 4, 2017 5:01 pm | Last updated: July 4, 2017 at 9:18 pm

ന്യൂഡല്‍ഹി: സഹസ്ര കോടികളുടെ നിധി ശേഖരമുള്ള തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രിം കോടതി. നിലവറ തുറന്ന് കണക്കെടുപ്പ് സുതാര്യമായി നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് നിരീക്ഷണം.

ബി നിലവറ തുറന്ന് സുതാര്യമായ കണക്കെടുപ്പ് നടത്തിയെങ്കില്‍ മാത്രമേ വസ്തുക്കളുടെ മൂല്യം കണക്കാക്കാനാകൂവെന്ന് കോടതി നിരീക്ഷിച്ചു. ഇത് ആരുടെയും ആചാരങ്ങളെ വ്രണപ്പെടുത്തില്ല. മറിച്ച് അനാവശ്യ ദുരൂഹതകള്‍ നീക്കല്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

നിലവറ തുറക്കുന്ന കാര്യം രാജകുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ കോടതി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്തി. നിലവറ തുറക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം ഇതു തന്നെയാണ് എല്ലാവരുടെയും അഭിപ്രായമെന്നും കോടതിയെ അറിയിച്ചു.