National
കാവേരിയില്‍ നിന്നും തമിഴ്‌നാടിന് ജലം നല്‍ക്കുന്നത് തുടരും: സിദ്ധരാമയ്യ

സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അധികജലം നല്‍കുന്നതെന്നും വെള്ളം നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാടിന് അധിക അളവില്‍ ജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് മാണ്ഡ്യയില്‍ വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം നടത്തിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച വിശദീകരണം. ഹാസനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. സാഹചര്യം ഇതായിരിക്കെ, പ്രതിഷേധ സമരത്തില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
അതേസമയം, തമിഴ്‌നാടിന് അധിക അളവില്‍ വെള്ളം വിട്ടുനല്‍കുന്നതിനെതിരെ മാണ്ഡ്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്. ഇന്നലെ ജയ കര്‍ണാടക സംഘടനകള്‍ മാണ്ഡ്യയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് റോഡ് ഉപരോധിച്ചു. നൂറുകണക്കിന് കര്‍ഷകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു- മൈസൂരു ദേശീയപാത നൂറുകണക്കിന് വരുന്ന കര്‍ഷകര്‍ ഉപരോധിച്ചിരുന്നു.
തമിഴ്‌നാടിന് കൂടുതല്‍ അളവില്‍ വെള്ളം വിട്ടുനല്‍കുന്നത് എത്രയും വേഗം നിര്‍ത്തിവെക്കണമെന്നതാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. വയനാട്ടിലും മറ്റും മഴ ലഭിച്ചതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കെ ആര്‍ എസ് അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ ദിവസം 1000 ഘനയടിയായി വര്‍ധിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും ഈ അവസ്ഥയില്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്താല്‍ കര്‍ണാടകയിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ ചത്തുപോവുമെന്നും കര്‍ഷകര്‍ പറയുന്നു. വെള്ളം വിട്ടുനല്‍കുന്നത് നിര്‍ത്തിവെച്ചില്ലെങ്കില്‍ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
മാണ്ഡ്യയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയ പശ്ചാത്തലത്തില്‍ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാണ്ഡ്യ ജില്ലാ പോലീസിന്റെ വന്‍ വ്യൂഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. മാണ്ഡ്യ ജില്ലാ പോലീസ് മേധാവി ജി രാധികയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മാണ്ഡ്യ ടൗണിലെ തമിഴ് കോളനിയില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തിവരുന്നുണ്ട്. ദക്ഷിണ മേഖലാ ഐ ജി വിപുല്‍കുമാര്‍ അണക്കെട്ട് പരിസരം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഡാമിന് ചുറ്റുമുള്ള തമിഴ് കോളനികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി തുറന്നിടുന്ന ജലം തമിഴ്‌നാടിനെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
നിലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കെ ആര്‍ എസ് അണക്കെട്ടിലെ വെള്ളം തമിഴ്‌നാടിന് നല്‍കുന്നത് നീതീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍, അധികമായി നീക്കം ചെയ്യുന്ന ജലം ബെംഗളൂരുവിലേക്കാണ് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.