ഗോരക്ഷയുടെ പേരില്‍ കൊല; ഉപദേശമല്ല, നടപടിയാണ് വേണ്ടതെന്ന് എകെ ആന്റണി

Posted on: June 29, 2017 7:17 pm | Last updated: June 30, 2017 at 10:00 am

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഗോരക്ഷയുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്ന് എ.കെ ആന്റണി പറഞ്ഞു.

കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് ഉണ്ടാകേണ്ടത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ല. ഇന്ത്യ അഹിംസയുടെ നാടാണ്. ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇത് മറക്കുന്നതെന്നും മോദി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ ലോകം ഇന്ന് നേരിടുന്ന വെല്ലുവളികള്‍ക്ക് പരിഹാരമാണ്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രയത്‌നിക്കണം. ഒരിക്കലും മഹാത്മാഗാന്ധി ഇത് അംഗീകരിക്കുമായിരുന്നില്ല. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി ഇന്ന് പറഞ്ഞിരുന്നു.