ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു

Posted on: June 29, 2017 11:24 am | Last updated: June 29, 2017 at 2:36 pm

ബംഗളൂരു: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കന്‍ അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്ന് പുലര്‍ച്ചെ 2:29 നായിരുന്നു വിക്ഷേപണം.

3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 വിഎ238 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭ്രമണപദത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്ആര്‍ഒ യൂനിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. ആശയവിനിമയ സേവനത്തിനും കൂടുതല്‍ കൃത്യതയാര്‍ന്ന കാലാവസ്ഥാ നിരീക്ഷണത്തിനും ഇത് സഹായിക്കും.

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കിയിരിക്കുന്നത്.ഈ മാസം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-17. ഇതോടുകൂടി ഭൂസ്ഥിര ഭ്രമണപദത്തില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങളുടെ എണ്ണം- 17 ആയി.