കാണിക്കയായി നാണയം എറിഞ്ഞു; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

Posted on: June 29, 2017 11:05 am | Last updated: June 29, 2017 at 11:05 am

ബീജിംഗ്: വിമാനം പുറപ്പടാനിരിക്കെ എന്‍ജിനിലേക്ക് നാണയം വലിച്ചെറിഞ്ഞ ചൈനീസ് പൗരയായ വൃദ്ധയുടെ അന്ധവിശ്വാസം യാത്രക്കാരെ വലച്ചു. ചൈനയിലെ ഷാംഗ്ഹായ്പൂഡോംഗ് വിമാനത്താവളത്തില്‍ 150 യാത്രക്കാരുള്ള വിമാനം വൈകിയത് അഞ്ച് മണിക്കൂറാണ്.
അപകടം സംഭവിക്കാതിരിക്കാന്‍ 80കാരിയായ സ്ത്രീ എന്‍ജിനിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രക്കാര്‍ അധികൃതരോട് വിവരം പറഞ്ഞു. പരിശോധന നടത്തിയപ്പോള്‍ നാണയം എന്‍ജിനില്‍ കുടുങ്ങിയതായി കണ്ടെത്തി. നാണയം പുറത്തെടുക്കാന്‍ അഞ്ച് മണിക്കൂറോളം ആവശ്യമായി വന്നെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒമ്പത് നാണയങ്ങളാണ് 80കാരി എന്‍ജിനിനുള്ളിലേക്ക് എറിഞ്ഞത്.
ക്യൂ എന്ന പേരുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് അന്ധവിശ്വാസത്തെ കുറിച്ച് വ്യക്തമായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ബുദ്ധമതക്കാരിയാണ് ക്യൂവെന്ന് അവരുടെ അയല്‍വാസികള്‍ പറഞ്ഞു.