Connect with us

National

പശുസംരക്ഷണത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി

Published

|

Last Updated

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ അക്രമങ്ങള്‍ നടക്കുന്നതിനെതിരെ ഇന്നലെ രാജ്യവ്യാപക പ്രതിഷേധമിരമ്പി. കഴിഞ്ഞ ദിവസം പശുവിന്റെ പേരില്‍ ഹരിയാനയില്‍ ട്രെയിന്‍ യാത്രക്കിടെ പതിനാറുകാരന്‍ ജൂനൈദിനെ അടിച്ചുകൊന്നതില്‍ പ്രതിഷേധിച്ച് നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ സോഷ്യല്‍ മീഡിയ നടത്തിയ പ്രതിഷേധമാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ
തെരുവുകളിലേക്ക് മാറിയത്.

ഗുര്‍ഗോണ്‍ ആസ്ഥാനമായ ചലച്ചിത്ര നിര്‍മാതാവ് സെബാ ദെവാനാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ ജന്തര്‍മന്ദറിലും ഹൈദരാബാദ്, തിരുവന്തപുരം, കൊച്ചി ,ബെംഗളൂരു, പാറ്റ്ന, കൊല്‍ക്കത്ത, ലക്‌നൗ തുടങ്ങിയ പ്രമുഖ നഗരങ്ങളിലുമെല്ലാം ഈ പ്രതിഷേധം അലയടിച്ചു. കൂടാതെ ലണ്ടന്‍, ടൊരാന്റോ, കറാച്ചി, ബോസ്റ്റണ്‍ എന്നീ രാജ്യാന്തര നഗരങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കതിരെ ജനം തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. നോട്ട് ഇന്‍ മൈ നെയിം എന്നെഴുതിയ ബനിയനുകളും പ്ലക്കാഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇത്തരം വിഷയങ്ങളില്‍ ഭരണകൂടം മൗനംവെടിഞ്ഞ് പ്രതികരിക്കക്കമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മഴയെ അവഗണിച്ച് മുംബൈ നഗരത്തില്‍ നടന്ന പ്രതിഷേധത്തിലും നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ഈദ് ആഘോഷത്തിനായി ഷോപ്പിംഗ് നടത്തി മടങ്ങുകയായിരുന്ന ഹരിയാന സ്വദേശിയായ ജുനൈദ് എന്ന 16നുകാരെ തല്ലിക്കൊന്നത്. ബീഫ് വാങ്ങിയിട്ടുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിവിധയിടങ്ങളിലായി പശു സംരക്ഷണത്തിന്റെ പേരില്‍ വലതുപക്ഷ തീവ്രവാദികള്‍ 13 പേരെ ഇതുവരെ തല്ലിക്കൊന്നിട്ടുണ്ട്. ജൂനൈദിന്റെ മരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സെബാ ദെവന്‍ പറഞ്ഞു.

ഭരണഘടന തിരിച്ചുപിടിക്കുക; അക്രമങ്ങളെ പ്രതിരോധിക്കുക ഇതാണ് പ്രചാരണത്തിന്റെ പ്രധാന മുദ്രാവാക്യം. ജൂനൈദ് മരിച്ച ദിവസം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആരും സംഭവത്തില്‍ പ്രതിഷേധിക്കാത്തതെന്താണെന്ന് ചിന്തിച്ചെന്നും ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചു. പശുസംരക്ഷകരുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും ക്രൂരതകളും ജനാധിപത്യ രാജ്യത്തിന് കളങ്കമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു.ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേതൃത്വം നല്‍കി.