കോട്ടക്കുന്നിലേക്ക് വരൂ.. ആകാശത്ത് സൈക്കിള്‍ ചവിട്ടാം

Posted on: June 23, 2017 2:18 pm | Last updated: June 23, 2017 at 2:04 pm
നാളെ പ്രവര്‍ത്തനമാരംഭിക്കുന്ന മലപ്പുറം കോട്ടക്കുന്ന് അഡ്വഞ്ചര്‍ പാര്‍ക്കിലെ സ്‌കൈ സൈക്ലിംഗ്

മലപ്പുറം: സാഹസിക ടൂറിസം ലക്ഷ്യമിട്ട് കോട്ടക്കുന്നില്‍ ഡെയര്‍ ഇന്‍ അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങുന്നു. ഡി ടി പി സിയുമായി സഹകരിച്ച് ബ്രാന്‍ഡ് റൂട്ട് എന്ന സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നത്. നാളെ വൈകിട്ട് ഏഴിന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷനാവും. സംസ്ഥാനത്തെ ആദ്യ മനുഷ്യനിര്‍മിത സാഹസിക പാര്‍ക്കാണിത്.
32 അടി ഉയരത്തില്‍ തീര്‍ത്ത ഗ്ലാസ് പാലം അസ്തമയവും മലപ്പുറത്തിന്റെ ആകാശ കാഴ്ചയുമൊരുക്കും. സന്ദര്‍ശകര്‍ക്ക് മലപ്പുറത്തിന്റെ ദൃശ്യം ആസ്വദിച്ച് 50 അടി ഉയരത്തിലുള്ള റോപ്പുകളിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന ഇനമാണ് മറ്റൊന്ന്. വിദേശ നിര്‍മിത സൈക്കിളും സുരക്ഷാ ഉപകരണങ്ങളും അപകട സാധ്യത ഇല്ലാതാക്കും. സ്‌കൈ ചാലഞ്ചില്‍ ഒരേ സമയം 30 പേര്‍ക്ക് ഉപയോഗിക്കാവുന്ന 18 ഹൈറോപ്പ് സവാരി ഉയരത്തോടുള്ള ഭയം നീക്കാന്‍ സഹായിക്കും.

ഹൈടെക് നഗരങ്ങളിലും വിദേശത്തുമുള്ള പെയിന്റ് ബുള്ളറ്റുകളടങ്ങിയ തോക്കുകളുള്ള പെയിന്റ് ബോളാണ് മറ്റൊരു ഇനം. ഒരേ സമയം 10 പേര്‍ക്ക് പങ്കെടുക്കാം. 46 അടി ഉയരമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള വാള്‍ ക്ലൈംമ്പിംഗും ആകര്‍ഷകമായ മറ്റൊരിനമാണ്. സാധാരണ ഫുട്‌ബോളിന് പുറമെ തല മുതല്‍ മുട്ടുവരെ മറക്കുന്ന ബലൂണിലുള്ള ഫുട്‌ബോള്‍ കളിയും പാര്‍ക്കിലെ മറ്റൊരു ആകര്‍ഷണമാണ്.
വീണാല്‍ പരുക്കേല്‍ക്കില്ലെന്നതാണ് പ്രത്യേകത. കാറ്റു നിറച്ച ബലൂണില്‍ കയറിയുള്ള സോര്‍ബിംഗ്, അമ്പെയ്ത്ത്, ഡാര്‍ട് ബോര്‍ഡ്, പോയിന്റ് ഷൂട്ടിംഗ് ഇനങ്ങളുമുണ്ട്. തിരിയുന്ന റസ്‌റ്റോറന്റ് പൂര്‍ത്തിയായി വരുന്നു.

പാര്‍ക്കില്‍ പ്രവേശിക്കാന്‍ പ്രത്യേക നിരക്കില്ല. മുഴുവന്‍ ഇനങ്ങളും ആസ്വദിക്കണമെങ്കില്‍ 750 രൂപയാവും.
ഓരോ ഇനത്തിനും 50 രൂപമുതലുള്ള ടിക്കറ്റുമുണ്ട്. എട്ടു വയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് പാര്‍ക്ക് ഉപയോഗിക്കാവുന്നത്.
മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ പ്രായം കുറഞ്ഞവര്‍ക്കും ചില റൈഡുകള്‍ ഉപയോഗിക്കാം. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക
വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡി ടി പി സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഹംസ തറമ്മല്‍, ഐറിഷ് വത്സമ്മ എന്നിവര്‍ പങ്കെടുത്തു.