ഓസീസിന്റെയും കിവീസിന്റെയും ലൂക് വിരമിച്ചു

Posted on: June 23, 2017 10:40 am | Last updated: June 23, 2017 at 10:32 am

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ലൂക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍, ട്വന്റി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളി തുടരും.
മുപ്പത്താറുകാരനായ ലൂക് റോഞ്ചി മുന്‍ ആസ്‌ത്രേലിയന്‍ താരമാണ്. നാല് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും 2008-2009 കാലഘട്ടത്തിലായി ആസ്‌ത്രേലിയന്‍ കുപ്പായത്തില്‍ കളിച്ചു. അതിന് ശേഷമാണ് ജന്മനാടായ ന്യൂസിലാന്‍ഡിലേക്ക് മടക്കം. 2013 ല്‍ കിവീസ് ക്രിക്കറ്റ് ടീമിനായി കളിച്ചു. ഇക്കഴിഞ്ഞ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലും റോഞ്ചി ന്യൂസിലാന്‍ഡിനായി കളിക്കാനിറങ്ങി. നാല് ടെസ്റ്റുകള്‍, 85 ഏകദിനങ്ങള്‍, 32 ടി20 മത്സരങ്ങള്‍ ന്യൂസിലാന്‍ഡ് ടീമിനായി ലൂക് റോഞ്ചി കളിച്ചു.
ന്യൂസിലാന്‍ഡിനായി ഒരു രാജ്യാന്തര സെഞ്ച്വറി മാത്രമാണ് റോഞ്ചിയുടെ പേരിലുള്ളത്. 99 പന്തുകളില്‍ 170 നോട്ടൗട്ട് ! 2015 ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ഈ ഗംഭീരന്‍ ഇന്നിംഗ്‌സ്. അതേ വര്‍ഷം ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ നേടിയ 88 റണ്‍സാണ് ലൂക് റോഞ്ചിയുടെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

ന്യൂസിലാന്‍ഡിനായി കളിക്കുക എന്നത് സ്വപ്‌നമായിരുന്നു, അത് സഫലമായെന്ന ആത്മസംതൃപ്തിയോടെയാണ് അന്താരാഷ്ട ക്രിക്കറ്റ് വിടുന്നത് – ലൂക് റോഞ്ചി പറഞ്ഞു.
തന്റെ ടീമിലെ എല്ലാം തികഞ്ഞ ടീം മാന്‍ ലൂക് റോഞ്ചിയാണെന്ന് ന്യൂസിലാന്‍ഡ് കോച്ച് മൈക് ഹെസന്‍ പ്രശംസിച്ചു.
ഗ്രൗണ്ടിലും ഡ്രസിംഗ് റൂമിലും ലൂക് നല്‍കിയ ഊര്‍ജസ്വലത പകരം വെക്കാനില്ലാത്തതാണ്, എന്നും അയാള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ സ്മരിക്കപ്പെടുമെന്നും ഹെസന്‍ പറഞ്ഞു.