‘എന്റെ വീട് ബി ജെ പിയുടെത്’ ഭോപാലില്‍ ചുവരെഴുത്ത്

Posted on: June 23, 2017 9:35 am | Last updated: June 23, 2017 at 12:10 pm

ഭോപാല്‍: മധ്യപ്രദേശിലെ നിരവധി വീടുകളുടെ മതിലില്‍ അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ബി ജെ പി നടത്തിയ ചുവരെഴുത്ത് വിവാദത്തിലേക്ക്. ‘എന്റെ വീട് ബി ജെ പിയുടെത് എന്ന ചുവരെഴുത്തുകളാണ് ഭോപാലിന് സമീപം ഷാപുര മേഖലയില്‍ നിരവധി വീടുകളുടെ മതിലില്‍ ബി ജെ പിക്കാര്‍ പതിച്ചത്. ഇതിനെതിരെ വീട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഷാപുരയില്‍ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് ചുവരെഴുത്ത്. ‘എന്റെ വീടിന്റെ മതിലില്‍ എന്റെ പേരും ഞാന്‍ കോണ്‍ഗ്രസില്‍ വഹിക്കുന്ന സ്ഥാനവും വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും, ബി ജെ പിക്കാര്‍ അതില്‍ അവരുടെ മുദ്രാവാക്യം എഴുതിവെക്കുകയായിരുന്നു. അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ രണ്ടാഴ്ച മുമ്പ് ഇവിടുത്തെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ജനം പക്ഷേ, അതില്‍ താത്പര്യമെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ചുവരെഴുത്തുകള്‍’- കോണ്‍ഗ്രസിന്റെ ഭോപാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്യാരേ ഖാന്‍ പറഞ്ഞു.

എന്നാല്‍, ഈ ആരോപണങ്ങള്‍ ബി ജെ പി തള്ളി. പ്രതികാരത്തിന്റെ ഭാഗമായല്ല, പ്രചാരണത്തിന്റെ ഭാഗമായാണ് ചുവരെഴുത്ത് നടത്തിയതെന്ന് അംഗത്വ ക്യാമ്പയിന് നേതൃത്വം നല്‍കിയ പ്രാദേശിക ബി ജെ പി നേതാവ് സുഷമ ബബീസ് പറഞ്ഞു.

അംഗത്വ ക്യാമ്പയിന്റെ ഭാഗമായുള്ള ഇത്തരം ചുവരെഴുത്ത് രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നും അതില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ബി ജെ പി. എം എല്‍ എ സുരേന്ദ്ര നാഥ് സിംഗും പ്രതികരിച്ചു. എന്നാല്‍, ബി ജെ പിയുടെ പ്രതികരണങ്ങളില്‍ തൃപ്തരാകാന്‍ നാട്ടുകാര്‍ക്ക് സാധിച്ചിട്ടില്ല. എതിര്‍പ്പ് അവഗണിച്ചാണ് തന്റെ വീടിന്റെ മതിലില്‍ ബി ജെ പിക്കാര്‍ ചുവരെഴുത്ത് നടത്തിയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അശോക് ശര്‍മ പറഞ്ഞു.