Connect with us

Editorial

ട്രംപിന്റെ ശരി

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുമ്പോള്‍ ലോകം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ അകലുകയും കരാറുകളും സഹകരണ കൂട്ടായ്മകളും അപ്രസക്തമാകുകയും പുതിയ സംഘര്‍ഷ മേഖലകള്‍ തുറക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അമേരിക്കയിലെ ആഭ്യന്തര കാര്യങ്ങളായിരുന്നില്ല, പുറത്തുള്ള വിഷയങ്ങളായിരുന്നു ചര്‍ച്ചയായത്. അഥവാ അമേരിക്കന്‍ ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ച് പിടിക്കാനുള്ള ഉപാധിയായി വിദേശ നയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊലിപ്പിച്ചു നിര്‍ത്തുകയായിരുന്നു. വ്യവസ്ഥയെ അപ്പടി കീഴ്‌മേല്‍ മറിക്കുന്ന, അപ്രായോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ എത്രമാത്രം നയ വ്യത്യാസങ്ങളുണ്ടെങ്കിലും മുന്‍ഗാമിയെ അപ്പടി തള്ളിക്കളയാറില്ല. ഡൊണാള്‍ഡ് ട്രംപ് ആ പതിവും അട്ടിമറിക്കുകയാണ്. ഇറാനുമായുള്ള ആണവ കരാര്‍ പുനഃപരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു. സിറിയയില്‍ കൂടുതല്‍ അക്രമാസക്തമായി ഇടപെടുന്നു. മധ്യപൗരസ്ത്യ ദേശത്ത് കുത്തിത്തിരിപ്പുകള്‍ വ്യാപകമാക്കുന്നു. ഇസ്‌റാഈലിനെ മുമ്പുള്ള ഒരു പ്രസിഡന്റും തയ്യാറാകാത്ത വിധം ന്യായീകരിക്കുന്നു. അധിനിവേശത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. കൊറിയന്‍ സംഘര്‍ഷം രൂക്ഷമാക്കി ഏഷ്യയിലും പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ക്യൂബയുമായുള്ള ചരിത്രപരമായ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നു.

ബരാക് ഒബാമ പ്രസിഡന്റായപ്പോള്‍ സാധ്യമായ പ്രധാനപ്പെട്ട ചുവട്‌വെപ്പായിരുന്നു ഇറാന്‍- അമേരിക്ക ആണവ കരാര്‍. വംശീയ വിഭജനത്തില്‍ പുതിയ പക്ഷം ചേരലിന്റെ നാന്ദിയായിരുന്നു അതെങ്കിലും ഉപരോധത്തില്‍ നിന്ന് രക്ഷനേടുകയെന്ന ഒരു ജനതയുടെ അവകാശത്തെ അത് ഉയര്‍ത്തിപ്പിടിച്ചിരുന്നു. കരാറിന്റെ ഗുണഫലങ്ങളില്‍ ഇറാന്‍ ജനത ആശ്വാസം കൊള്ളുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഹസന്‍ റൂഹാനിയെ രണ്ടാം വട്ടവും അവര്‍ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാല്‍ ട്രംപ് ഭരണകൂടം കരാര്‍ അപ്പടി പുതുക്കി പണിയാന്‍ പോകുകയാണ്. അത് ചെയ്യുന്നത് സഊദിയുടെയും അറബ് രാജ്യങ്ങളുടെയും ആശങ്ക പരിഹരിക്കാനാണെന്ന് പ്രചരിപ്പിച്ച് ശിയാ- സുന്നി പ്രതിസന്ധി രൂക്ഷമാക്കാനും മേഖലയില്‍ ഇറാന്‍ പേടി കത്തിച്ചു നിര്‍ത്താനുമാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിക്കുന്നത്. സത്യത്തില്‍ കരാര്‍ പുനഃപരിശോധിക്കുന്നത് ഇസ്‌റാഈലിന് വേണ്ടിയാണ്. കരാറില്‍ ഒപ്പുവെച്ച അന്ന് മുതല്‍ ഇസ്‌റാഈല്‍ ലോബീംഗ് തുടരുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ കരാറിനെ തള്ളിപ്പറഞ്ഞത് അത് കൊണ്ടാണ്. ഇസ്‌റാഈല്‍ ലോബിയെ പ്രീണിപ്പിക്കാനാണ് കരാര്‍ റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചത്. കരാര്‍ പുനഃപരിശോധിക്കുന്നതിന്റെ മറ്റൊരു കാരണം “അമേരിക്ക ഫസ്റ്റ്്” എന്ന അതിദേശീയതാ മുദ്രാവാക്യമാണ്. എണ്ണ സമ്പന്ന രാജ്യമായ ഇറാന് മേലുള്ള ഉപരോധം നീങ്ങുമ്പോള്‍ ആ രാജ്യത്തിന് എണ്ണ വില നിര്‍ണയത്തിലും മറ്റും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഷെയില്‍ എണ്ണയിലൂടെ പെട്രോ സമ്പദ്‌വ്യവസ്ഥ കീഴടക്കാന്‍ നടക്കുന്ന അമേരിക്കക്ക് ഇത് സഹിക്കാനാകില്ല.

ചതിയും ആക്രമണവും ഗൂഢാലോചനയും ഒറ്റപ്പെടുത്തലും നിറഞ്ഞ പതിറ്റാണ്ടുകളുടെ ബന്ധം പൊളിച്ചുമാറ്റിയാണ് ബരാക് ഒബാമ ക്യൂബയുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍ ഒപ്പു വെച്ചത്. ഇതിന്റെ ഭാഗമായി വ്യാപാര, സാമ്പത്തിക സഹകരണം ആരംഭിക്കാനും യാത്രാ സൗകര്യങ്ങള്‍ വ്യാപകമാക്കാനും തീരുമാനമായി. വ്യാപാര താത്പര്യത്തിലായിരുന്നുവെങ്കില്‍ പോലും, ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കൂടി പിന്തുണ ഒബാമക്കുണ്ടായിരുന്നു. ഈ കരാര്‍ അമേരിക്കക്ക് ഗുണകരമല്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. ക്യൂബന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടല്‍ ശൃംഖലയുമായും വിനോദ സഞ്ചാര സ്ഥാപനങ്ങളുമായും ഒരു ബന്ധവും പാടില്ലെന്നാണ് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്. ഇതിനെതിരെ യു എസ് വ്യവസായ സമൂഹം തന്നെ രംഗത്തെത്തി കഴിഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരാര്‍ പൂര്‍ണമായി റദ്ദാക്കാന്‍ ട്രംപ് മുതിരില്ലെങ്കിലും അതിന്റെ അന്തസ്സത്ത തകര്‍ക്കുമെന്നുറപ്പാണ്. ക്യൂബയെന്ന കൊച്ചു രാജ്യത്തെ മുതലാളിത്തത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകമായാണ് ലോകം കാണുന്നത്. അമേരിക്കന്‍ പിന്തുണയുള്ള ബാറ്റിസ്റ്റ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് ഫിഡല്‍ കാസ്‌ട്രോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചരിത്രത്തിലുടനീളം ക്യൂബയെ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്ക. അതിനെയെല്ലാം അതിജീവിച്ചാണ് ക്യൂബ നിലനിന്നത്. അത്‌കൊണ്ട് ട്രംപിന്റെ തീരുമാനം ക്യൂബയേക്കാള്‍ ബാധിക്കുക യു എസിന്റെ വിശ്വാസ്യതയെ തന്നെയാണ്.

ട്രാന്‍സ് പെസഫിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റില്‍ നിന്ന് നേരത്തേ ട്രംപ് പിന്‍വാങ്ങിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക നടത്തിയ ഏകപക്ഷീയമായ പിന്‍മാറ്റം “അമേരിക്കയില്ലാത്ത ലോകം” എന്ന നിലയിലേക്ക് മറ്റ് രാജ്യങ്ങളെ ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. അമേരിക്ക തന്നെ നേതൃത്വം വഹിക്കുന്ന നാറ്റോ സഖ്യത്തിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ പോകുകയാണ് ട്രംപ് ഭരണകൂടം. യു എന്നിന് വിവിധ പദ്ധതികളിലായി നല്‍കാമെന്നേറ്റ തുകയും തരില്ലെന്നാണ് ട്രംപ് പറയുന്നത്. ഇങ്ങനെ സര്‍വകരാറുകളില്‍ നിന്നും പിന്‍വാങ്ങി ഒരു അടഞ്ഞ സമ്പദ്‌വ്യവസ്ഥയാക്കി അമേരിക്കയെ മാറ്റാന്‍ ട്രംപ് മുതിരുന്നത് തന്റെ തീവ്രവലതുപക്ഷ ആശയതലത്തില്‍ കാലൂന്നി നിന്നു കൊണ്ടാണ്. പ്രത്യാഘാതം എന്തെന്ന് നോട്ടമില്ല. ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുമില്ല. അക്രമാസക്ത ദേശീയത – അത് മാത്രമാണ് ട്രംപിന്റെ ശരി. അത്‌കൊണ്ടാണ് ഇന്ത്യയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് ട്രംപ് പ്രിയങ്കരനാകുന്നത്.

---- facebook comment plugin here -----

Latest