കോഹ്‌ലിയും കുംബൈയും മിണ്ടാതായിട്ട് ആറ് മാസമായതായി റിപ്പോര്‍ട്ട്

Posted on: June 22, 2017 11:52 am | Last updated: June 22, 2017 at 11:52 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ ആറ് മാസമായി മിണ്ടാട്ടമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ബിസിസിഐ ഭാരവാഹിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

കുംബ്ലെയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ബിസിസിഐ ഉപദേശകസമിതിക്ക് അനുകൂല നിലപാടായിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം സംസാരിക്കാതായിട്ട് ആറുമാസമായെന്ന അറിവ് സമിതിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ശത്രുതയിലായതത്രേ. കുംബ്ലെയെ കോച്ചായി നിലനിര്‍ത്താനായിരുന്നു സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പെടുന്ന ഉപദേശക സമിതിക്ക് താത്പര്യം. അതിനായി, കോഹ്‌ലിയുമായും കുംബ്ലെയുമായും മൂവരും ചര്‍ച്ച നടത്തിയെങ്കിലം ഫലംകണ്ടില്ല.തുടര്‍ന്ന് കുംബ്ലെ രാജിവെക്കുകയായിരുന്നു.

അതേസമയം, ബിസിസിഐയുടെ തന്ത്രമാണ് കുംബ്ലെയുടെ രാജിക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. താത്പര്യമില്ലാത്ത പരിശീലകനെ കോഹ്‌ലിയെ മുന്നില്‍ നിര്‍ത്തി ബിസിസിഐ പുറത്തുചാടിക്കുകയായിരുന്നു. കുംബ്ലെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും വിനോദ് റായി അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതിയുമായുള്ള അടുപ്പവുമാണ് ബിസിസിഐക്ക് കുംബ്ലെയെ അഭിമതനാക്കി മാറ്റിയത്.