Connect with us

Malappuram

പുണ്യത്തിലലിഞ്ഞ് സ്വലാത്ത് നഗര്‍: മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാപനം

Published

|

Last Updated

മലപ്പുറം: ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന പുണ്യരാവിനെ ധന്യമാക്കാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങല്‍ സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സാഗരമായി. സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച പുലരുവോളം നടന്ന പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ച അവര്‍ തങ്ങളുടെ സ്രഷ്ടാവിനു മുമ്പില്‍ ആവലാധികളിറക്കിവെച്ച് സായൂജ്യരായി മടങ്ങി.

മഅ്ദിന്‍ ഗ്രാന്റ്മസ്ജിദും വിശാലമായ നഗരിയും നിറഞ്ഞു കവിഞ്ഞ തറാവീഹ് നിസ്‌കാരത്തിനു ശേഷം മുഖ്യവേദിയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. സമസ്ത അധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണത്തിനും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

ബുധനാഴ്ച പുലര്‍ച്ചെ തൊട്ടുതന്നെ സ്വലാത്ത് നഗറിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സംസ്ഥാനത്തിനുപുറത്തും വിദൂരങ്ങളില്‍ നിന്നുമുള്ളവര്‍ ബുധനാഴ്ച പ്രാര്‍ത്ഥനാ നഗരിയില്‍ ഇടം പിടിച്ചു. സുബ്ഹി നിസ്‌കാരാനന്തരം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ഹദീസ് പഠനത്തോടെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ഹുസ്‌ന പാരായണം, സലാമതുല്‍ ഈമാന്‍ എന്നിവ നടന്നു. അസര്‍ നിസ്‌കാരാന്തരം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ അസ്മാഉല്‍ ബദര്‍ പാരായണം നടന്നു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി.

5ന് ബുര്‍ദ പാരായണത്തോടെ സജീവമായ പ്രധാന വേദിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, തസ്ബീഹ് എന്നിവക്ക് ശേഷം വിവിധ ഗ്രൗണ്ടുകളിലായി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഇഫ്ത്വാര്‍ നടന്നു. മഅഗ്‌രിബിനു ശേഷം അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും ഇശാഅ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങളും നടന്നു.

ആയിരം തഹ് ലീല്‍ ഉരുവിട്ട് കൊണ്ടുള്ള ഹദ്ദാദ് റാത്തീബിനും പ്രാര്‍ത്ഥനക്കും കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പത്ത് ലക്ഷം സമാധാന വീടുകള്‍ കാമ്പയിന്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനാ സമ്മേളന സന്ദേശം നല്‍കി. ഭീകരതക്കെതിരെയുള്ള പ്രതിജ്ഞക്കും തൗബ, സമാപന പ്രാര്‍ത്ഥന എന്നിവക്കും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, സയ്യിദ് അബ്ദുല്ല പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കാന്തപരും എ.പി മുഹമ്മദ് മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടിമുസ്‌ലായാര്‍ കട്ടിപ്പാറ, അബുഹനീഫല്‍ ഫൈസി തെന്നല, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി. മുഹമ്മദ് ഫൈസി, കെ. പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായ മംഗലം അബ്ദു റഹിമാന്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, എ.പി അബ്ദുല്‍ കരീം ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest