Connect with us

Sports

കോന്റെയുടെ വിലപേശല്‍ ഫലിച്ചു ; ചെല്‍സിയില്‍ പുതിയ കരാര്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സിയുമായി ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെ പുതിയ കരാറില്‍ ഒപ്പുവെച്ചു. 9.5 ദശലക്ഷം പൗണ്ടിന്റെ കരാര്‍ പ്രകാരം 2021 വരെ കോന്റെ ചെല്‍സിയിലുണ്ടാകും.
ചെല്‍സി ഡയറക്ടര്‍ മറീന ഗ്രനോസ്‌കിയയുമായി അഭിപ്രായഭിന്നതയുള്ളതിനാല്‍ അന്റോണിയോ കോന്റെ ചെല്‍സി വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ കോന്റെക്ക് വ്യക്തമായ റോള്‍ നല്‍കാത്തത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ ചെല്‍സിയെ ഏകപക്ഷീയമായി കിരീടത്തിലേക്ക് കുതിപ്പച്ച കോന്റെയുടെ തന്ത്രജ്ഞതയെ ഒപ്പം നിര്‍ത്താനാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനം. ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വേതനം കൈപ്പറ്റുന്ന ഏഴാമത്തെ പരിശീലകനാണിപ്പോള്‍ കോന്റെ.

എവര്‍ട്ടനില്‍ നിന്ന് റൊമേലു ലുകാകു, മൊണാക്കോയില്‍ നിന്ന് തിമോ ബകായാകോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ വില്ലി കബാലെറോ എന്നിവരെ ചെല്‍സിയിലെത്തിക്കണമെന്നതാണ് കോന്റെ പുതിയ കരാറിന്റെ ഭാഗമായി മുന്നോട്ട് വെച്ച ട്രാന്‍സ്ഫര്‍ ആവശ്യങ്ങള്‍. നേരത്തെ കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കോന്റെയുടെ അഭിപ്രായം സ്വീകരിക്കുന്നതില്‍ ചെല്‍സി ഡയറക്ടര്‍ വീഴ്ച വരുത്തിയിരുന്നു.
ജൂലൈ ഏഴിന് ചെല്‍സിയുടെ പ്രീ സീസണ്‍ ആരംഭിക്കും. ആഴ്‌സണല്‍, ബയേണ്‍, ഇന്റര്‍മിലാന്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ചെല്‍സി പങ്കെടുക്കും.
ആഴ്‌സണലിനെതിരായ കമ്മ്യൂണിറ്റി ഷീല്‍ഡാണ് ചെല്‍സിയെ സീസണിന് മുമ്പ് കാത്തിരിക്കുന്ന മറ്റൊരു പോരാട്ടം.