Connect with us

National

നമ്മ മെട്രോ ഒന്നാംഘട്ടം രാഷ്ട്രപതി പ്രണാബ്മുഖര്‍ജി നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

ഉത്സവച്ഛായ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ നമ്മ മെട്രോയുടെ ഒന്നാംഘട്ടം ഇന്നലെ വൈകീട്ട് രാഷ്ട്രപതി പ്രണാബ്മുഖര്‍ജി നാടിന് സമര്‍പ്പിച്ചു. ഗ്രീന്‍ ലൈനിലെ സാമ്പിഗെ റോഡ് മുതല്‍ യെലച്ചനഹള്ളി വരെയുള്ള 10.5 കിലോമീറ്റര്‍ പാതയാണ് രാഷ്ട്രപതി ഗതാഗതത്തിന് തുറന്നുകൊടുത്തത്.

ഈ പാതയിലൂടെ യാത്രക്കാര്‍ക്കായുള്ള മെട്രോ സര്‍വീസ് ഇന്ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ബെംഗളൂരു കിഴക്ക്- പടിഞ്ഞാറ് ഇടനാഴിയില്‍ ഇന്ന് മുതല്‍ മെട്രോ സര്‍വീസ് രാത്രി 11 മണിവരെയുണ്ടാകും.
നിലവില്‍ ഈ പാതയില്‍ രാത്രി 10നാണ് അവസാന സര്‍വീസ്. വടക്ക്- തെക്ക് പാതയില്‍ നിലവില്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെ മെട്രോ സര്‍വീസുണ്ട്. ഈ പ്രദേശത്തെ വ്യവസായ യൂനിറ്റുകളുടെ ആവശ്യത്തെ തുടര്‍ന്നാണ് മെട്രോ സമയം ദീര്‍ഘിപ്പിച്ചത്.
ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ഗ്രീന്‍ലൈനിലെ സര്‍വീസ് രാത്രി 11.45ന് യെലച്ചനഹള്ളിയില്‍ അവസാനിക്കും. രാത്രി 11ന് നാഗസാന്ദ്രയില്‍ നിന്നാണ് അവസാന സര്‍വീസ് പുറപ്പെടുന്നത്. സാംബിഗെ റോഡ് മുതല്‍ യെലച്ചനഹള്ളി വരെയുള്ള പാതയില്‍ 12സ്റ്റേഷനുകളാണുള്ളത്. കെ ആര്‍ മാര്‍ക്കറ്റ്, ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ബന്‍ശംഖരി എന്നിവയാണ് പ്രധാന സ്‌റ്റേഷനുകള്‍. സ്‌റ്റേഷനുകളില്‍ മികച്ച രീതിയിലുള്ള സുരക്ഷാസംവിധാനങ്ങളാണുള്ളത്. സി സി ടി വികള്‍, എമര്‍ജന്‍സി അലാറം തുടങ്ങിയവയുണ്ട്. ഭൂഗര്‍ഭസ്‌റ്റേഷനുകളില്‍ എമര്‍ജന്‍സി ലിഫ്റ്റുകളും പ്രവര്‍ത്തിക്കും.
സാംമ്പിഗെ റോഡ്, മജസ്റ്റിക്, ചിക്ക്‌പേട്ട്, കെ ആര്‍ മാര്‍ക്കറ്റ്, നാഷനല്‍ കോളജ്, ലാല്‍ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ജയനഗര്‍, ആര്‍ വി റോഡ്, ബെനശങ്കരി, ജെ പി നഗര്‍, യെലച്ചനഹള്ളി വരെയുള്ള 24.20 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പരമാവധി സമയം 45 മിനുട്ടാണ്. റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ സമയം വേണം. ഓരോ ആറു മിനിറ്റു കൂടുമ്പോഴും ട്രെയിനുണ്ടാകും. 2014 ല്‍ ആണ് പുതിയ നമ്മ മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ചത്. മജെസ്റ്റിക്കിനു സമീപമുള്ള ഗ്രീന്‍ ലൈനില്‍ നിന്നും പര്‍പ്പിള്‍ ലൈനിലേക്ക് ആവശ്യമെങ്കില്‍ യാത്ര മാറാം. ഇതിന് ഒരു ടിക്കറ്റ് മാത്രം മതിയാകും. ചിക്‌പേട്ട്, കെആര്‍ മാര്‍ക്കറ്റ്, നാഷനല്‍ കോളേജ്, ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ജെ പി നഗര്‍, യെലചെനഹള്ളി എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടാകും.ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഫെയര്‍ ചാറ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. എങ്കിലും നാഗസാന്ദ്രയില്‍ നോര്‍ത്ത് യെലചെനഹള്ളി വരെ 55 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് ബി എം ആര്‍ സി എല്‍(ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) അറിയിക്കുന്നത്. പര്‍പ്പിള്‍ ലൈന്‍ മെട്രോയുടെ പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
ബെയപ്പനഹള്ളിയെയും മൈസൂരു റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പര്‍പ്പിള്‍ ലൈന്‍. 2016 ഏപ്രിലില്‍ ആണ് പര്‍പ്പിള്‍ ലൈന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നഗരത്തിലെ യാത്രക്കാരെ മെട്രോയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ബി എം ടി സിയും സഹകരിക്കുന്നുണ്ട്. നമ്മ മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുന്നതിനാല്‍ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബി എം ടി സി കൂടുതല്‍ ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും.
ഇതിനായി 100 പുതിയ ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. എല്ലാ മെട്രോ സ്‌റ്റേഷനുകളില്‍നിന്ന് ഫീഡര്‍ ബസ് സര്‍വീസുണ്ടാകും. മെട്രോ സ്‌റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും ഫീഡര്‍ സര്‍വീസുകള്‍ നടത്തുക.
ഫീഡര്‍ സര്‍വീസുകള്‍ക്കായി ബി എം ടി സി 500 ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. നമ്മ മെട്രോ ഒന്നാം ഘട്ടം യാഥാര്‍ഥ്യമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷം കവിയുമെന്ന് ബി എം ആര്‍ സി എല്‍ കണക്കുകൂട്ടുന്നു. ഇപ്പോള്‍ രണ്ടുലക്ഷം പേരാണ് ദിവസേന മെട്രോയില്‍ യാത്ര ചെയ്യുന്നത്.
വടക്ക്- തെക്ക് പാതയില്‍ പൂര്‍ണമായി മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ ഒന്നാംഘട്ടം പൂര്‍ണതോതില്‍ സജ്ജമാവും. ഇതോടെ ബെംഗളൂരുവിന്റെ വടക്കുഭാഗത്തുള്ള യാത്രക്കാര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് തെക്കന്‍ഭാഗങ്ങളിലേക്ക് എത്താനാകും. 24.2 കിലോമീറ്റര്‍ ദൂരം വരുന്ന ഗ്രീന്‍ലൈനില്‍ പരമാവധി ടിക്കറ്റ് നിരക്ക് 55 രൂപയായിരിക്കും. നമ്മ മെട്രോയിലെ ഏറ്റവും കൂടിയ ടിക്കറ്റ് നിരക്കായിരിക്കും ഈ പാതയിലേത്. നിലവില്‍ കിഴക്ക്- പടിഞ്ഞാറ് ഇടനാഴിയിലണ് കൂടിയ ടിക്കറ്റ് നിരക്കുള്ളത്. ഇവിടെ ബൈയപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് സ്‌റ്റേഷന്‍ വരെ 18.1 കിലോമീറ്റര്‍ ദൂരത്തിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
വടക്ക നാഗസാന്ദ്ര മുതല്‍ തെക്ക് യെലച്ചനഹള്ളി വരെയാണ് ഗ്രീന്‍ ലൈന്‍. പര്‍പ്പിള്‍ ലൈന്‍ കിഴക്ക് ബൈയപ്പനഹള്ളി മുതല്‍ പടിഞ്ഞാറ് മൈസൂര്‍ റോഡ് വരെയാണ്. ഒന്നാംഘട്ടത്തിലെ മുഴുവന്‍ ടിക്കറ്റ് നിരക്കും രണ്ട് ദിവസത്തിനുള്ളില്‍ ബി എം ആര്‍ സി എല്‍ പുറത്തിറക്കും.