പുതിയ റേഷന്‍ കാര്‍ഡ്: അര്‍ഹതപ്പെട്ടവരും ദാരിദ്ര്യരേഖക്കു മുകളില്‍

Posted on: June 17, 2017 9:43 pm | Last updated: June 17, 2017 at 9:43 pm

തൃക്കരിപ്പൂര്‍: ഏറെ കാത്തിരിപ്പിനുശേഷം വിതരണം ചെയ്ത റേഷന്‍ കാര്‍ഡിനെക്കുറിച്ച് പരാതികളുടെ പ്രളയം. ജോലിയും കൂലിയുമില്ലാത്തവരെ നോണ്‍ പ്രയോറിറ്റിയില്‍പ്പെടുത്തിയും, മരിച്ചവര്‍ക്ക് റേഷന്‍ അനുവദിച്ചതും അനര്‍ഹര്‍ സൗജന്യങ്ങള്‍ പറ്റുന്നതുമടക്കം നിരവധി പരാതികളാണ് കാര്‍ഡ് ഉടമകളില്‍ നിന്നും ലഭിക്കുന്നത്. ഒരു പരിശോധനയും നടത്താതെയാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് ഗുണഭോക്താക്കള്‍ പരാതി പറയുന്നത്.
പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് മുമ്പായി തെറ്റ് തിരുത്താനായി പഞ്ചായത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം അപ്പീല്‍ കൊടുത്തവരുടെ അപേക്ഷകളൊന്നും പരിഗണിക്കാതെ പഴയ ലിസ്റ്റ് പ്രകാരം തന്നെ പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം.
സൗജന്യ റേഷന്‍ വാങ്ങാന്‍ കാറുമായി റേഷന്‍ഷോപ്പില്‍ എത്തുന്നവര്‍ ഇത്തവണയും ഉണ്ടെന്നാണ് പരാതി. കഴിഞ്ഞ തവണ മൂന്നു വിഭാഗവും കാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇന്നത് നാലായി വര്‍ധിച്ചു മഞ്ഞ അന്ത്യോദയ, ചുവപ്പ് പ്രയോറിറ്റി, വെളുപ്പ് എ പി എല്‍, നീല എ പി എല്‍ സബ്‌സിഡി വിഭാഗം എന്നിങ്ങനെയാണ് നാല് നിറങ്ങള്‍. ഇത് റേഷന്‍ ഷോപ്പ് ഉടമകളെതന്നെ വലക്കുന്നതാണ് .തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ വൈക്കത്ത് പത്മനാഭന്റെ ഭാര്യ സി തങ്കമണിക്ക് മാസത്തില്‍ 2000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ കാര്‍ഡുടമ പെന്‍ഷന് അപേക്ഷിക്കുകകൂടി ചെയ്തിട്ടില്ല.

ഇവരുടെ ഭര്‍ത്താവിന്റെ ‘അമ്മ ചിറ്റേയി മരിച്ചിട്ട് വര്‍ഷങ്ങളേറെയായി. മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടും ഇവരുടെ പേരില്‍ റേഷന്‍ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ഭര്‍ത്താവിന് ലഭിക്കുന്ന 1000 രൂപയുടെ പെന്‍ഷന്‍ കൊണ്ടാണ് കുടുംബം കഴിയുന്നത്. എന്നിട്ടും പഴയ ബി പി എല്‍ കാര്‍ഡ് ഇത്തവണ പുതുക്കിയപ്പോള്‍ എ പി എല്‍ ആയി.
നിരവധി കേസുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഒരു പരിശോധനയും നടത്താതെ തയ്യാറാക്കിയ പുതിയ കാര്‍ഡ് നിരവധി ദരിദ്ര കുടുംബങ്ങളെപ്പോലും സമ്പന്നരാക്കിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്താനായി അതാത് പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി വീണ്ടും അപേക്ഷ നല്‍കണമെന്നാണ് ലഭിക്കുന്ന ആദ്യ വിവരമെങ്കിലും റേഷന്‍ ഷോപ്പ് ഉടമകളെത്തന്നെ അതിനായി നിയോഗിക്കുമെന്ന സൂചനയുമുണ്ട്. വീടുകള്‍ തോറും കയറിയിറങ്ങി കൃത്യമായ കണക്കെടുപ്പുകള്‍ നടത്താതെ കസേരയിലിരുന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് അനര്‍ഹര്‍ സൗജന്യം കൈപ്പറ്റുന്നതിനിടയായാക്കിയതെന്നാണ് പരാതി. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരുന്ന പ്രവണത ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.