കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്

Posted on: June 16, 2017 7:40 pm | Last updated: June 17, 2017 at 9:30 am

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വിസ് ഫെഡറല്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2018ല്‍ ഇത് നടപ്പിലാക്കാനാണ് പദ്ധതി. 2019ല്‍ സ്വിറ്റസര്‍ലാന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിച്ച് തുടങ്ങും.

വൈകാതെ തന്നെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിനുള്ള തിയതി ഇവര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നാണ് സൂചന. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതിന് സ്വിസ് ഫെഡറല്‍ കൗണ്‍സിലില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല.

അതുകൊണ്ട് തന്നെ തീരുമാനം നടപ്പിലാക്കുന്നത് വൈകില്ല.കള്ളപ്പണം ഇന്ത്യയില്‍ എക്കാലത്തും ചൂടുള്ള ചര്‍ച്ച വിഷയമായിരുന്നു.
വിദേശ രാജ്യങ്ങളിലെ കള്ളപണം ഇന്ത്യയിലെത്തിച്ച് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടുകളില്‍ അത് നിക്ഷേപിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ് സ്വിറ്റസര്‍ലാന്‍ഡ്. ഇവിടത്തെ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാകുന്നത് കള്ളപണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. പക്ഷേ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്ന് മാത്രം.