ജനനേന്ദ്രിയം മുറിച്ചത് താന്‍തന്നെയെന്നും മനപ്പൂര്‍വമല്ലായിരുന്നുവെന്നും പെണ്‍കുട്ടി; ഫോണ്‍ സംഭാഷണം പുറത്ത്

Posted on: June 16, 2017 12:52 pm | Last updated: June 16, 2017 at 8:34 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍തന്നെയെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി.  ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി അഭിഭാഷകനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി.

കഴിഞ്ഞ ദിവസം അഭിഭാഷകന് അയച്ച കത്തില്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും വ്യക്തമാക്കിയുളള പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്.

സ്വാമിയെ മനപൂര്‍വം മുറിവേല്‍പ്പിച്ചിട്ടില്ല. അയ്യപ്പദാസിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കത്തി കൊണ്ടുവന്നത് അയ്യപ്പദാസാണ്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ അടുത്ത് ഇരുട്ടത്ത് ഇരുന്നപ്പോള്‍ കത്തി ചെറുതായി വീശി. ചെറിയ മുറിവുണ്ടാകുമെന്നാണ് കരുതിയത്. ലിഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും യുവതി സംഭാഷണത്തില്‍ നിഷേധിക്കുന്നു.

പോലീസ് പറഞ്ഞത് അനുസരിച്ചാണ് മൊഴി നല്‍കിയത്. ഇത് തന്നെയാണ് കോടതിയില്‍ പറഞ്ഞതെന്നും യുവതി അഭിഭാഷകനോട് വെളിപ്പെടുത്തുന്നു. എന്നാല്‍, അഭിഭാഷകന് യുവതി അയച്ച കത്തിലെ വിവരങ്ങളും ഫോണ്‍സംഭഷണത്തില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസ് ആണെന്നായിരുന്നു പെണ്‍കുട്ടി അഭിഭാഷകന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.