Connect with us

Kerala

മലയാളസര്‍വകലാശാല എം എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2017 – 18 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്‌കാരപൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം കോഴ്‌സുകള്‍ക്ക് ജൂണ്‍ 30നകം അപേക്ഷിക്കണം. ജൂലൈ എട്ടിന് 10 മണിക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രവേശനപരീക്ഷ നടക്കും. ആഗസ്റ്റ് ഒന്നിന് പ്രവേശനം ആരംഭിക്കും.

ഇരുപത് പേര്‍ക്കാണ് ഓരോ കോഴ്‌സിലും പ്രവേശനം. നാലു സെമസ്റ്ററുകളുളള കോഴ്‌സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാനയോഗ്യത. 2017 ജൂലൈ 31 ന് 28 വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-വര്‍ക്ഷം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30 വയസ്സ്). ഓരോ കോഴ്‌സിനും വെവ്വേറെ അഭിരുചി പരീക്ഷ നടത്തും. ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്‌സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പിക്കണം. ഇതിന് 20 മാര്‍ക്ക് ലഭിക്കും. രചനയില്‍ പേര് എഴുതരുത്.

ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വര്‍ക്ഷക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ). എസ് ബി ഐ തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു ടി ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ല്‍ ലഭ്യമാണ്.

 

Latest