തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍

Posted on: June 14, 2017 1:21 pm | Last updated: June 14, 2017 at 6:03 pm
SHARE

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍. പെല്ലറ്റ് എന്ന പേരിലുള്ള മാഗസിന്‍ ദേശീയ പതാകയെയും ദേശീയ ഗാനാലാപനത്തെയും അപമാനിക്കുന്നതാണെന്നും അശ്ലീലത നിറഞ്ഞതാണെന്നുമാണ് ആരോപണമുയര്‍ന്നത്.

മാസികയുടെ 13ാം പേജിലാണ് ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന രേഖാ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം എന്ന അടിക്കുറുപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദത്തിനിടയാക്കിയത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രേഖാ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.

125ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കോളജ് മാഗസിന്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്‌യു, എബിവിപി സംഘടനകള്‍. മാഗസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആരെയും അപമാനിക്കാനല്ലെന്നാണ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നിലപാട്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുക മാത്രമാണ് ചെയ്തതെന്നും ഭാരവാഹികള്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ളതാണ് കോളജ് യൂനിയന്‍.

LEAVE A REPLY

Please enter your comment!
Please enter your name here