അജ്ഞാതവാസത്തിനിടെ ജസ്റ്റിസ് കര്‍ണന്‍ വിരമിച്ചു

Posted on: June 12, 2017 11:22 pm | Last updated: June 13, 2017 at 9:43 am
SHARE

ചെന്നൈ: സുപ്രീം കോടതിയില്‍ നിന്ന് കോടതി അലക്ഷ്യ കുറ്റം നേരിട്ട് ഒളിവില്‍ കഴിയുന്ന വിവാദ ജസ്റ്റിസ് സി എസ് കര്‍ണന്‍ ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ചു. വിവാദ നീക്കങ്ങളുടെ ഭാഗമായി ആറ് മാസം തടവ് ശിക്ഷ ലഭിച്ച ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ മാസം ഒമ്പതിന് ചെന്നൈയില്‍ എത്തിയിരുന്നു. അതിന് ശേഷം വിരമിച്ച ഇന്നലെ വരെ കര്‍ണനെ കുറിച്ച് ഒരു വിവരവും ഇല്ല.

പശ്ചിമ ബംഗാള്‍ പോലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യാനായി പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ കര്‍ണന്‍ ചെന്നൈയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ മൂന്ന് ദിവസം കര്‍ണന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വദേശമായ കൂഡല്ലൂരിലെ വൃധാചലത്തും കര്‍ണനായി തിരച്ചില്‍ നടത്തിയിരുന്നു. സ്ഥിതി ഇതായിരിക്കെ, ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ ഇല്ലാതെയാണ് ജസ്റ്റിസ് കര്‍ണന്‍ വിരമിക്കുന്നത്.

2009 മാര്‍ച്ചിലാണ് ജഡ്ജിയായി കര്‍ണന്‍ നിയമിതനായത്. തുടര്‍ന്ന് നീതിന്യായ വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകളും വിധികളും ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തി. പട്ടിക ജാതിക്കാരനായതിനാല്‍ തന്നെ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്ന് കാട്ടി 2011ല്‍ ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നല്‍കിയതിലൂടെയാണ് ജസ്റ്റിസ് കര്‍ണന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, തനിക്കെതിരായ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അടക്കമുള്ള ജഡ്ജിമാരെ അഞ്ച് വര്‍ഷം തടവിന് വിധിച്ചതിനെ തുടര്‍ന്നാണ് സുപ്രിം കോടതി കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. രാജ്യത്ത് തടവ് ശിക്ഷ ലഭിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയും ഒളിവില്‍ കഴിയവെ വിരമിക്കുന്ന ജഡ്ജിയുമാണ് കര്‍ണന്‍.

നേരത്തെ കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രീം കോടതി എടുത്തുകളഞ്ഞിരുന്നു. കര്‍ണന് യാതൊരു ഫയലുകളും രേഖകളും നല്‍കരുതെന്നും കൊല്‍ക്കത്ത ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിരുന്നു. ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്നുപോലും കോടതി നിര്‍ദേശിക്കുകയുണ്ടായി. സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. സുപ്രീം കോടതി ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരും അഴിമതിക്കാരാണെന്ന് ആരോപിച്ച് ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച ജസ്റ്റിസ് കര്‍ണന്‍, ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here