പാക്കിസ്ഥാന്‍ തടവുകാരെ മോചിപ്പിച്ച് ഇന്ത്യയുടെ സൗഹൃദഹസ്തം

Posted on: June 12, 2017 8:46 pm | Last updated: June 12, 2017 at 11:25 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ നിലക്കാതെ തുടരുമ്പോഴും പാകിസ്താനുനേരെ സൗഹൃദഹസ്തം നീട്ടി ഇന്ത്യ. വിവിധ കേസുകളിലായി ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന 11 പാക്ക് തടവുകാരെ മോചിപ്പിച്ചാണ് ഇന്ത്യയുടെ നയതന്ത്രം. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് പാക്ക് തടവുകാരെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. തടവുകാരെ മോചിപ്പിച്ചതു മനുഷ്യത്വപരമായ നടപടിയാണെന്നും, ജാദവ് കേസിനെ ഇതു ബാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ വിട്ടയച്ച തടവുകാര്‍ വാഗാ അതിര്‍ത്തി കടന്നു പാകിസ്താനിലെത്തി. തടവുകാരെ വിട്ടയക്കണമെന്നു പാകിസ്താന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പാക് സര്‍ക്കാരിന്റെ കണക്കുപ്രകാരം 132 ഇന്ത്യക്കാര്‍ അവിടെ ജയിലിലുണ്ട്. ഇതില്‍ 57 പേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. ഇവരുടെ പൗരത്വം ഇന്ത്യ തെളിയിച്ചാല്‍ വിട്ടയക്കാമെന്നാണു പാക് നിലപാട.്‌