ബോട്ടില്‍ ഇടിച്ച കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി

Posted on: June 12, 2017 5:50 pm | Last updated: June 12, 2017 at 8:57 pm

കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. പനാമ കപ്പലായ ആംബറിന്റെ രേഖകള്‍ പിടിച്ചെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബോട്ടുടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കടലില്‍ നങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കു കപ്പലിടിച്ചു രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. അപകടത്തില്‍ ഒരാളെ കാണാതാകുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍മല്‍ മാതാ ബോട്ടിലെ തൊഴിലാളികളായ അസം സ്വദേശി രാഹുല്‍ദാസ് (27), തമിഴ്‌നാട് കുളച്ചല്‍ വാണിയംകുടി സ്വദേശി തമ്പിദുരൈ (45) എന്നിവരാണു മരിച്ചത്. അസം സ്വദേശി മോത്തിദാസിനെയാണു കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അപകടം. മനഃപൂര്‍വമായ നരഹത്യക്ക് കേസെടുത്തതിനാല്‍ കപ്പല്‍ ഏഴു നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കപ്പലിന്റെ വോയ്‌സ് ഡേറ്റ റെക്കോര്‍ഡറും യാത്രാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.