മനുഷ്യാവകാശ നിഷേധത്തിനെതിരെ നിയനടപടിസ്വീകരിക്കുമെന്ന് ഖത്വര്‍

Posted on: June 11, 2017 7:03 pm | Last updated: June 11, 2017 at 7:03 pm
ഖത്വർ ദേശീയ മനുഷ്യാവകാശ സമതി നിയമജ്ഞരുമായി ചർച്ച നടത്തുന്നു

ദോഹ: ഉപരോധത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നിരവധി പൗരന്മാരില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഖത്വര്‍ ദേശീയ മനുഷ്യാവകാശ സമിതി (എന്‍ എച്ച് ആര്‍ സി) അറിയിച്ചു. ഉപരോധത്തിലൂടെ ജി സി സി പൗരന്മാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച നിയമ നടപടികള്‍ക്ക് അന്താരാഷ്ട്ര നിയമ കമ്പനിയെ ചുമതലപ്പെടുത്തുമെന്നും എന്‍ എച്ച ്ആര്‍ സി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധ നീക്കം കൂട്ടശിക്ഷയ്ക്കും അന്താരാഷ്ട്ര കുറ്റകൃത്യത്തിനും തുല്യമാണെന്ന് എന്‍ എച്ച് ആര്‍ സി ചെയര്‍മാന്‍ അലി ബിന്‍ സമൈക്ക് അല്‍ മര്‍റി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഖത്വര്‍ ഭീകരതയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. അതോടൊപ്പം കര, വ്യോമ, കടല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഖത്വരികള്‍ക്ക് രാജ്യം വിടുന്നതിന് സഊദിയും ബഹ്‌റൈനും യു എ ഇയും 14 ദിവസമാണ് അനുവദിച്ചത്. അത്രയും ദിവസത്തിനകം തങ്ങളുടെ പൗരന്മാര്‍ ഖത്വറില്‍ നിന്നു മടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്‍ എച്ച് ആര്‍ സിക്ക് ലഭിച്ച 700 പരാതികളില്‍ കേസ് ഫയല്‍ തയ്യാറാക്കാന്‍ ഖത്വര്‍ ലോയേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടതായി അല്‍മര്‍റി പറഞ്ഞു. 20 വര്‍ഷമായി യു എ ഇയില്‍ ജീവിക്കുന്ന ഖത്വരി പൗരത്വമുള്ളയാളുടെ കേസ് അല്‍മര്‍റി പ്രത്യേകം ചൂണ്ടിക്കാട്ടി. വീടോ ജോലിയോ വരുമാനമോ ഇല്ലാതെയാണ് അദ്ദേഹം യു എ ഇയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടത്. ഇതൊരു ഗൗരവമേറിയ മനുശ്യാവകാശ വിഷയമാണെന്ന് അല്‍മര്‍റി പറഞ്ഞു. അന്താരാഷ്ട്ര നിയമ കമ്പനി ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ദേശീയ കോടതികളില്‍ നഷ്ടപരിഹാരം തേടുകയും ചെയ്യും.
ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ വേര്‍പെട്ടുപോവുന്ന അവസ്ഥയാണെന്ന് മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടിരുന്നു. ഇത്തരം നിരവധി കുടുംബങ്ങളെക്കുറിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.