ഈ ആക്രമണം യെച്ചൂരിക്കെതിരെയല്ല

Posted on: June 9, 2017 6:18 am | Last updated: June 9, 2017 at 1:19 am

ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഡല്‍ഹി എ കെ ജി ഭവനില്‍ നടന്ന അക്രമം. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എ കെ ജി മന്ദിരത്തില്‍ കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തിന് പോകുന്ന വഴി യെച്ചൂരിയെ അക്രമിച്ചത്. സംഭവത്തിനിടെ നിലത്തുവീണ യെച്ചൂരിക്ക് ഓഫീസിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാവലയം സൃഷ്ടിച്ചതു കൊണ്ടാണ് വലിയൊരു ആപത്ത് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും കര്‍ണാടകയിലും പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിക്കുകയും അദ്ദേഹത്തെ വധിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തത് ഉള്‍പ്പെടെ സി പി എം നേതാക്കള്‍ പലപ്പോഴും സംഘ്പരിവാറിന്റെ ഭീഷണിക്ക് വിധേയരായിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രമുഖ നേതാവിനെ പാര്‍ട്ടി ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി അക്രമിക്കുന്നത്.
ഏ കെ ജി ഭവനും നേതാക്കള്‍ക്കും നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പോലീസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്റ് കമമീഷണറെയും അറിയിച്ചിരുന്നുവെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്. മാത്രമല്ല, കേരളാ ഹൗസിനു നേരെ അടുത്തിടെ തുടരെത്തുടരെ ആക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ റസിഡന്‍ഡ് കമ്മീഷണര്‍ ഡല്‍ഹി പോലിസ് മേധാവികള്‍ക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നിട്ടും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ക്ക് സി പി എം ഓഫീസീന് അകത്ത് കടന്ന് അഴിഞ്ഞാടാന്‍ കഴിഞ്ഞതില്‍ ദുരൂഹതയുണ്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പ് ഡല്‍ഹി പോലീസ് മനഃപൂര്‍വം അവഗണിക്കുകയായിരുന്നോ?
തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയോ വധിക്കുകയോ ചെയ്യുകയെന്ന അജന്‍ഡയുടെ ഭാഗമായി വേണം ഈ അക്രമത്തെ കാണാന്‍. നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വിധ്വംസക അജന്‍ഡയുമായി സംഘ്പരിവാര്‍ ഫണം വിടര്‍ത്തിയാടുകയാണ് രാജ്യത്തെങ്ങും. കടപ ദേശീയത ആയുധമാക്കി ഭിന്നസ്വരമുള്ളവരെ നിശബ്ദമാക്കുകയോ നാടുകടത്തുകയോ ചെയ്യുകയെന്നത് അവരുടെ ശൈലിയാണെന്ന് മുസ്സോളിനിയുടെതും ഹിറ്റ്‌ലറുടെതുമുള്‍പ്പെടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആഗോള ഫാസിസത്തിന്റെ ഭാഗം തന്നെയാണ് മോദിയുടെ നേതൃത്വത്തില്‍ ശക്തി പ്രാപിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളും. ഇന്ത്യന്‍ ജനത എന്ത് പറയണമെന്നും ഭക്ഷിക്കണമെന്നും എന്തെഴുതണമെന്നുമൊക്കെ അവര്‍ നിര്‍ണയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമെതിരെ അവര്‍ ഉറഞ്ഞുതുള്ളുകയാണ്. യോഗ ദിനാചരണവും ബീഫ് നിരോധനവുമെല്ലാം സമൂഹത്തെ വര്‍ഗീയവത്കരിക്കുന്നതിനുള്ള സംഘ്പരിവാര്‍ അജന്‍ഡകളാണ്. ചില മതേതരവാദികള്‍ യോഗയെ ന്യായീകരിക്കുകയും മാംസഭക്ഷണം ഒഴിവാക്കി മുസ്‌ലിംകള്‍ സമവായത്തിന് തയാറാകണമെന്നു പറയുകയും ചെയ്യുമ്പോള്‍ അറിയാതെ ബ്രാഹ്മണ്യ തന്ത്രത്തില്‍ അവര്‍ അകപ്പെടുകയാണ്.

ന്യൂനപക്ഷങ്ങളെയും -വിശിഷ്യാ മുസ്‌ലിംകള്‍- കമ്യൂണിസ്റ്റുകളെയുമാണ് ഇന്ത്യന്‍ ഫാസിസം മുഖ്യശത്രുക്കളായി കാണുന്നത്. തങ്ങളുടെ ആശയങ്ങളുടെ വിമര്‍ശകര്‍ക്കെതിരെ ഫാസിസ്റ്റ് ഹിസ്റ്റീരിയ ബാധിച്ച അണികളെ അഴിച്ചുവിടുകയെന്നതാണ് അവരുടെ രീതി. ഗുജറാത്തില്‍ മുസ്‌ലിംകളെ വേട്ടയാടിയപ്പോഴും ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് അഖ്‌ലാഖുമാരെ തല്ലിക്കൊന്നപ്പോഴും ജാര്‍ഖണ്ഡിലെ പോത്തുകച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കിയപ്പോഴുമെല്ലാം ഇത് നാം കണ്ടതാണ്. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ നീതിപീഠത്തെ പോലും നോക്കുകുത്തിയാക്കി സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ കോടതിക്കകത്ത് അഴിഞ്ഞാടുന്നതിനും നാം സാക്ഷികളായി.
യെച്ചൂരിക്ക് നേരെ നടന്ന അക്രമത്തില്‍ ബി ജെ പിക്കോ ആര്‍ എസ് എസിനോ ഒരു പങ്കുമില്ലെന്നും ഹിന്ദുമുന്നണിയാണ് അതിന് പിന്നിലെന്നുമാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. ഇവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്? ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദുസേന, ബജ്‌റംഗ്ദള്‍ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളെല്ലാം. ഈ വര്‍ഗീയ ശക്തികള്‍ മോദിസര്‍ക്കാറിന്റെ അധികാരത്തിന്റെ ബലത്തിലാണ് ഉറഞ്ഞുതുള്ളുന്നത്. വര്‍ഗീയവിരുദ്ധ പാര്‍ട്ടികളുടെ വിശാല സഖ്യത്തിലൂടെ കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാറിനെ വാഴിക്കുന്നതിലൂടെ മാത്രമേ രാജ്യം ഇന്നഭിമുഖീകരിക്കുന്ന ഈ വിപത്തിനെ പ്രതിരോധിക്കാനാകുകയുള്ളൂ.