Connect with us

Kerala

മദ്യനയം പ്രഖ്യാപിച്ചു; നിയമതടസ്സമില്ലാത്ത എല്ലാ ബാറുകളും തുറക്കും

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം: എല്‍ഡിഎഫ സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. നിയമതടസ്സങ്ങളില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് മദ്യനയം. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്ത് നിന്ന് നിശ്ചിത അകലത്തിലുള്ള ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ബ ബാറുകള്‍ക്കും അനുമതി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മദ്യനയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നലകിയത്.

പുതിയ മദ്യനയം ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സാക്കി. ബാറുകളുടെ പ്രവര്‍ത്തി സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാകും. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 23 ലക്ഷത്തില്‍ നിന്ന് 28 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.

കള്ളുവില്‍പ്പന വര്‍ധിപ്പിക്കാനും മദ്യഷാപ്പുകള്‍ക്ക് പുറത്തേക്ക് വില്‍പന വ്യാപിപ്പിക്കാനും പുതിയ നയം അനുമതി നല്‍കുന്നു. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ദേശീയ പാതയോരത്ത് നിന്ന് അടച്ചുപൂട്ടിയ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കും. അതേ താലൂക്കിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കാനാണ് അനുമതി നല്‍കുക.

സംസ്ഥാനത്ത് കള്ള് വ്യവസായം സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് സ്ഥാപിക്കും. കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് മന്‍ഗണന നല്‍കുമെന്നും മദ്യ നയത്തില്‍ വ്യക്തമാക്കുന്നു.

മദ്യ നിരോധനം പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ള് കിട്ടാതാകുമ്പോള്‍ ലഹരിക്ക് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടിപോകുന്ന സ്ഥിതി ഒഴിവാക്കാനാണ് മദ്യനം തിരുത്തുന്നതെന്നും ദേശീയ പാതയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നയത്തോട് മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്നവരും സഹകരണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗ‌ം നേരത്തെ അനുമതി നൽകിയിരുന്നു. സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

യുഡിഎഫിന്റെ മദ്യനയം പരാജയമായിരുന്നു. മദ്യ നിരോധനം ഒരിടത്തും വിജയിച്ചിട്ടില്ല. നിരോധിച്ച സ്ഥലങ്ങളിലെല്ലാം മദ്യം ഒഴുകുകയാണുണ്ടായത്. വ്യാജ മദ്യവും ലഹരി വസ്തുക്കളും തടയേണ്ട നടപടി വേണം. മയക്കുമരുന്ന് മാഫിയകളാണ് ബാര്‍ വിരുദ്ധ സമരത്തിന് പിന്നിലന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിക്ക് എതിരായ അതിക്രമത്തെ എല്‍ഡിഎഫ് യോഗം അപലപിച്ചു. ആക്രമണത്തിന് പിന്നില്‍ ഉന്നത ഗൂഢാചേലാനയുണ്ടെന്ന് എല്‍ഡിഎഫ് യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.

Latest