Connect with us

Gulf

ഖത്വറില്‍ സൈനിക വിന്യാസത്തിന് തുര്‍ക്കി പാര്‍ലിമെന്റിന്റെ അനുമതി

Published

|

Last Updated

ദോഹ: ഖത്വറിലെ തുര്‍ക്കി സൈനിക താവളത്തില്‍ പട്ടാളക്കാരുടെ വിന്യാസത്തിന് അനുമതി നല്‍കുന്ന ബില്ല് തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. 240 വോട്ടുകളാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. ഭരണ കക്ഷിയായ എ കെ പാര്‍ട്ടിയും പ്രതിപക്ഷത്തെ എം എച്ച് പിയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. മെയ് മാസത്തിലാണ് ബില്ലിന്റെ കരട് രൂപം തയ്യാറായത്. അയല്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തില്‍ ഖത്വറിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി നിയമം പാസാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഖത്വറിന്റെ പ്രധാന സഖ്യ കക്ഷിയായ തുര്‍ക്കി ഖത്വറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ വിമര്‍ശിച്ചിരുന്നു. ഒറ്റപ്പെടുത്തലും ഉപരോധവും പ്രശ്‌ന പരിഹാരത്തിന് സഹായിക്കില്ലെന്നും പ്രതിസന്ധി തീര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിരുന്നു.
ഖത്വറില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിക്കുക, ഇരു രാജ്യങ്ങളും സൈനിക പരിശീലന സഹകരണ കരാര്‍ ഒപ്പു വയ്ക്കുക എന്നീ നിയമങ്ങള്‍ എത്രയും പെട്ടെന്ന് പാസാക്കാനുള്ള ശിപാര്‍ശ എ കെ പാര്‍ട്ടി ജനപ്രതിനിധികള്‍ മുന്നോട്ട് വെച്ചതായി ഭരണ കക്ഷി, പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ഇതു സംബന്ധമായ ബില്ല് പാര്‍ലമെന്റില്‍ ഇന്നലെ തന്നെ ചര്‍ച്ചക്കു വന്ന. രണ്ട് കരട് ബില്ലുകളും ഖത്വത്തറിലെ പ്രതിസന്ധിക്കു മുമ്പ് രൂപം കൊടുത്തതാണ്. 2014ല്‍ ഒപ്പിട്ട ഒരു കരാറിന്റെ ഭാഗമായാണ് തുര്‍ക്കി ഖത്വറില്‍ സൈനിക താവളം ഒരുക്കിയത്. 2016ല്‍ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു ഈ താവളം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിലവില്‍ 150 തുര്‍ക്കി സൈനികരുണ്ട്. ക്രമേണ 3,000 തുര്‍ക്കി സൈനികരെ ഈ താവളത്തില്‍ വിന്യസിക്കുമെന്ന് 2015ല്‍ ഖത്വറിലെ അന്നത്തെ തുര്‍ക്കി അംബാസഡര്‍ അഹ്മദ് ദെമിറോക്ക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംയുക്ത പരിശീലനത്തിനുള്ള ഒരു കേന്ദ്രമായാണ് ഈ താവളം ഉപയോഗപ്പെടുത്തുകയെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest